ജീവകാരുണ്യ രംഗത്ത് ഇതിഹാസതുല്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സൗദി കെ.എം.സി.സി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക സഹായ വിതരണം ഇന്ന് നടത്തും. സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും അഞ്ചര കോടിയോളം രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം 18 ന് പാണക്കാട് വെച്ച് നടക്കുന്ന ലളിതമായ ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
കൊവിഡ് 19 ബാധിച്ച് മരണപ്പെട്ട 22 പേരടക്കം 2020 വര്‍ഷത്തില്‍ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരണപ്പെട്ട എണ്‍പത്തി ഒന്ന് പേരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം രൂപവീതവും, പദ്ധതി കാലയളവില്‍ മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടിയ നൂറ്റി പത്തോളം അംഗങ്ങള്‍ക്ക് ചികിത്സാ ആനുകൂല്യങ്ങളുമടക്കം അഞ്ചര കോടിയോളം രൂപയാണ് വിതരണം ചെയ്യുന്നത്.
സൗദി മണലാരണ്യത്തില്‍ ജീവിതം തള്ളി നീക്കുന്ന ഏറ്റവും ദുര്‍ബലരായ ജനസമൂഹത്തിന് ജാതി മത രാഷ്ട്രീയ വേര്‍ത്തിരിവുകള്‍ക്കതീതമായി, കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ പതിനഞ്ചു കോടിയോളം രൂപ വിതരണം ചെയ്തിട്ടുള്ള പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പ്പര സഹായ പദ്ധതിയാണ് കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി. ഈ വര്‍ഷത്തേത് കൂടി ചേരുമ്പോള്‍ അത് ഇരുപത് കോടി രൂപക്ക് മുകളില്‍ വരും.
സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും സുഗമമായ നടത്തിപ്പിനുമായി കോഴിക്കോട് കേന്ദ്രീകരിച്ച് കെ.എം.സി.സി കേരള ട്രസ്റ്റ് എന്ന പേരില്‍ റജിസ്റ്റേഡ് ട്രസ്റ്റ് പ്രവര്‍ത്തിച്ച് വരുന്നുണ്ട്.
സുരക്ഷാ പദ്ധതിയുടെ 2021 വര്‍ഷത്തെ അംഗത്വ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഒക്റ്റോബര്‍ ഒന്നിന് ആരംഭിച്ച്, ഡിസംബര്‍ പതിനഞ്ചിന് അവസാനിക്കും. പദ്ധതിയില്‍ ഭാഗവാക്കാവുന്നതിന് താല്പര്യമുള്ള പ്രവാസികള്‍ സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയുടെ കീഴ്ഘടകങ്ങള്‍ മുഖേനെ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. www.mykmcc.org എന്ന സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും അംഗത്വം പുതുക്കുവാന്‍ സാധിക്കുന്നതാണ്.
