തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു . ഇതിന്റ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . തെക്കുകിഴക്കന്‍ അറബിക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി , മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത് .
ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദം വടക്കോട്ട് നീങ്ങി തീവ്രന്യൂന മര്ദ്ദമാവുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിഗമനം . മാലദ്വീപിലും സമീപപ്രദേശങ്ങളിലും ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതോടെ ശക്തി കുറയും. കിഴക്കന്‍ അറേബ്യന്‍ കടലില്‍ അടുത്ത 48 മണിക്കൂറിനുള്ളിലെ സ്ഥിതിവിവരങ്ങള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിരീക്ഷിച്ചുവരികയാണ്. ഇടിയോട് കൂടി കനത്തമഴയ്ക്കാണ് സാധ്യത .
