ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കത്തെയും രാജ്യം ശക്തമായി നേരിടും; പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി : പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യ. പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയായിരുന്നു ഇന്ത്യയുടെ പ്രതികരണം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. ഭീകരരെ സഹായിക്കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

അതിര്‍ത്തിയിലൂടെയുള്ള ഭീകരരുടെ നുഴഞ്ഞു കയറ്റം, നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം എന്നീ വിഷയങ്ങളില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥനോട് ഇന്ത്യ പ്രതിഷേധം അറിയിച്ചു. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും നുഴഞ്ഞു കയറ്റ ശ്രമങ്ങളും പതിവാകുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.

കശ്മീരില്‍ വന്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരരെ സൈന്യം കഴിഞ്ഞ ദിവസം വധിച്ചിരുന്നു. കശ്മീര്‍ താഴ്വരയില്‍ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയില്‍ വന്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് പോകുകയായിരുന്ന നാല് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെയാണ് വധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *