ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് ഇന്ന് കസ്റ്റംസ് രേഖപ്പെടുത്തി. എന്‍ഫോഴ്സ്മെന്റ് കേസില്‍ ശിവശങ്ക‌ര്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റ് രേഖപ്പെടുത്താന്‍ ഇന്നലെ കോടതി അനുമതി നല്‍കിയിരുന്നു. അറസ്റ്റിനു ശേഷം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതിയില്‍ കസ്റ്റംസ് അപേക്ഷ നല്‍കും. ശിവശങ്കറിന്‍റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച്‌ ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസ് വാദം.

ഇന്നലെയാണ് സ്വര്‍ണ കള്ളക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കിയത്. എറണാകുളം സെഷന്‍സ് കോടതിയാണ് അറസ്റ്റിന് അനുമതി നല്‍കിയത്.

അതേസമയം യുഎഇ കോണ്‍സല്‍ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *