നേമം, വട്ടിയൂര്‍ക്കാവ് സീറ്റുകളില്‍ ഏതിലെങ്കിലും മത്സരിക്കണം; ആവശ്യവുമായി എ ഐ സി സി നിരീക്ഷകര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് വി എം സുധീരനെ മത്സരിപ്പിക്കാന്‍ നീക്കം സജീവമാക്കി കോണ്‍ഗ്രസ്. എ ഐ സി സി നിരീക്ഷകരായി ഹൈക്കമാന്‍ഡ് നിയോഗിച്ച പി വി മോഹനും പി വിശ്വനാഥും സുധീരനെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടു.

നേമം, വട്ടിയൂര്‍ക്കാവ് സീറ്റുകളില്‍ ഏതിലെങ്കിലും സുധീരനെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താത്പര്യം. ഈ ദൗത്യവുമായാണ് എ ഐ സി സി നിരീക്ഷകര്‍ സുധീരനെ കണ്ടത്. അതേസമയം, സന്ദര്‍ശനം സൗഹൃദപരമായിരുന്നുവെന്നും മത്സരിക്കുന്ന കാര്യം ചര്‍ച്ചയായില്ലെന്നും സുധീരന്‍ കൂടിക്കാഴ്‌ചക്ക് ശേഷം വ്യക്തമാക്കി.

കൊവിഡിനെ തുടര്‍ന്നുളള ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് മുക്തനായിട്ടില്ലെന്നും പാര്‍ലമെന്ററി രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ തന്നെ ഇനി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കരുത് എന്ന് പാര്‍ട്ടി അദ്ധ്യക്ഷയെ അറിയിച്ചിരുന്നുവെന്നും സുധീരന്‍ വ്യക്തമാക്കി. ആ നിലപാടില്‍ മാറ്റമില്ല. നേതൃത്വത്തിനും അക്കാര്യം അറിയാം.കോണ്‍ഗ്രസിനും യു ഡി എഫിനും അനുകൂലമായ സാഹചര്യം സംസ്ഥാനത്തുണ്ട്. ജനസ്വീകാര്യതയുളള സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി നിര്‍ത്തണമെന്നും സുധീരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *