തിരഞ്ഞെടുപ്പ്; ഫ്‌ളൈയിങ്ങ് സ്‌ക്വാഡുകള്‍ സജ്ജമായി

വയനാട്: നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ജില്ലയിലെ നിയോജക മണ്ഡങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേകം ഫ്‌ളൈയിങ്ങ് സ്‌ക്വഡുകള്‍ സജ്ജമായി. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മറ്റ് പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് തടയുന്നതിനും ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായ ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ സത്വര നടപടി സ്വീകരിക്കുകയുമാണ് പ്രധാന ദൗത്യം.

എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള ഫ്‌ളൈയിങ്ങ് സ്‌ക്വാഡില്‍ ഒരു സീനിയര്‍ പോലീസ് ഓഫീസര്‍, മൂന്നോ നാലോ സായുധ പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍ എന്നിവര്‍ ഉണ്ടാകും. ഒരു നിയോജക മണ്ഡലത്തില്‍ മൂന്ന് വീതം ഫ്ളൈയിങ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തി ക്കുന്നത്. മാനന്തവാടി നിയോജക മണ്ഡലത്തില്‍പ്പെടുന്ന തൊണ്ടര്‍നാട്, വെളളമുണ്ട, പനമരം പഞ്ചായത്തുകളുടെ ചുമതല ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉണ്ണികൃഷ്ണനാണ്. തിരുനെല്ലി, തവിഞ്ഞാല്‍ പഞ്ചായത്തുകളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സുജിത്ത് ജോയിസ്, എടവക പഞ്ചായത്ത്, മാനന്തവാടി നഗരസഭ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. മനോജ് എന്നിവര്‍ നേതൃത്വം നല്‍കും.

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടി, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകള്‍, ബത്തേരി നഗരസഭ എന്നിവയുടെ ചുമതല തഹസില്‍ദാര്‍ എം.എസ് ശിവദാസനാണ്. ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.എ യോശുദാസ് നെന്മേനി, അമ്ബലവയല്‍ പഞ്ചായത്തുകളുടെയും ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.വി പ്രകാശന്‍ പുല്‍പ്പള്ളി, മുളളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളുടെയും ചുമതല വഹിക്കും.

കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വൈത്തിരി, പൊഴുതന, തരിയോട്. പഞ്ചായത്തുകളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ റ്റി. റസാഖ്, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, കോട്ടത്തറ, കണിയാമ്ബറ്റ പഞ്ചായത്തുകളില്‍ സീനിയര്‍ സൂപ്രണ്ട് ഷെര്‍ളി പൗലോസ് , മേപ്പാടി, മൂപ്പൈനാട്, മുട്ടില്‍ പഞ്ചായത്ത്, കല്‍പ്പറ്റ നഗരസഭ എന്നിവിടങ്ങളില്‍ സീനിയര്‍ സൂപ്രണ്ട് കെ. ലതീഷ് കുമാര്‍ എന്നിവര്‍ ഫ്‌ളൈയിങ്ങ് സ്‌ക്വഡുകള്‍ക്ക് നേതൃത്വം നല്‍കും. സി – വിജില്‍ ആപ് മുഖേന ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തവും അതത് അധികാര പരിധിയില്‍പ്പെടുന്ന ഫ്ളൈയിങ് സ്‌ക്വാഡിനാണ്.

Leave a Reply

Your email address will not be published. Required fields are marked *