കോഴിക്കോട്: കൊവിഡ് പ്രതിരോധത്തില്‍ മുക്കം പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അലംഭാവം കാണിക്കുന്നതായി ആക്ഷേപം. മുക്കം നഗരസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധന ക്യാമ്ബുകളിലും, വാക്സിന്‍ വിതരണ കേന്ദ്രങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതെയാണ് ആളുകള്‍ പങ്കെടുത്തത്. നിശ്ചിത അകലം പാലിച്ച് നില്‍ക്കുന്നതിനുള്ള സംവിധാനം പോലും ഏര്‍പെടുത്തിയിരുന്നില്ല.
ഈ കേന്ദ്രങ്ങളിലൊന്നും നഗരസഭയുടെ ആരോഗ്യ വിഭാഗം ജീവനക്കാരുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. കൊവിഡ് നിയന്ത്രണ പ്രതിരോധ നടപടികള്‍ കാര്യക്ഷമമായി നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ മുക്കം നഗരസഭ സെക്രട്ടറിക്കെതിരെ പൊതു പ്രവര്‍ത്തകനായ ദാമോദരന്‍ കോഴഞ്ചേരി ഇതിനോടകം ദുരന്തനിവാരണ സമിതിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
