മലപ്പുറം: കാത്തിരിപ്പിനൊടുവില്‍ പാണക്കാട് അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കെട്ടിടമാവുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിട്ടുനല്‍കിയ പത്ത് സെന്‍റ് സ്ഥലത്താണ് കെട്ടിടമുയരുക.
വ്യാഴാഴ്ച ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗം നിര്‍മാണ തീരുമാനമെടുത്തു. പാണക്കാട് എല്‍.പി സ്‌കൂളിന് സമീപം ഗതാഗത, വൈദ്യുതി സൗകര്യമുള്ള ഭൂമിയാണ് ഹൈദരലി തങ്ങള്‍ വിട്ടുനല്‍കിയത്.
അര്‍ബന്‍ ഹെല്‍ത്ത് സെന്‍റര്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തനം. മലപ്പുറം നഗരസഭ 2020-21 വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തിയിരുന്നെങ്കിലും സ്ഥലം കണ്ടെത്താത്തതിനാല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല.
സ്ഥലം കെട്ടിട നിര്‍മാണത്തിന് അനുയോജ്യമാണെന്ന് മുനിസിപ്പല്‍ എന്‍ജിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തുക അഡ്വാന്‍സായി അനുവദിക്കാനും തീരുമാനിച്ചു.
