തിരുവനന്തപുരം: ഇക്കുറി മട്ടന്നൂരില്‍ പിറന്നതു ചരിത്രം. ആരോഗ്യ മന്ത്രിയും മട്ടന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.കെ. ശൈലജ നേടിയത് സംസ്ഥാന നിയമസഭാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. ശൈലജ 96,129 വോട്ട് നേടിയപ്പോള്‍ തൊട്ടടുത്ത എതിരാളിയായ യുഡിഎഫിലെ ഇല്ലിക്കല്‍ ആഗസ്തിയെ 60, 963 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു പരാജയപ്പെടുത്തിയത്.
ആര്‍എസ്പി സ്ഥാനാര്‍ഥിയായ ആഗസ്തിക്ക് 35,166 വോട്ട് നേടാനെ കഴിഞ്ഞുള്ളു.
2006ലെ ആലത്തൂരില്‍ നിന്നു വിജയിച്ച എല്‍ഡിഎഫിലെ എം. ചന്ദ്രന്റെ 47,671 വോട്ടിന്റെ ഭൂരിപക്ഷമാണു നിലവിലെ നിയമസഭാ റിക്കാര്‍ഡ്. ഇതാണ് കെ.കെ. ശൈലജ തകര്‍ത്തത്. 2005 മേയില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കൂത്തുപറന്പില്‍ നിന്നു വിജയിച്ച പി. ജയരാജന് 45,865 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു.
2016 ലെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് അംഗം പി.ജെ. ജോസഫ് 45,587 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തൊടുപുഴയില്‍ നിന്നു വിജയിച്ചിരുന്നു.
