സ്‌കൂളിനുള്ളില്‍ വിദ്യാര്‍ത്ഥിനി വെടിയുതിര്‍ത്തു; മൂന്ന് പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കോമ്ബൗണ്ടിനുള്ളില്‍ സഹപാഠികള്‍ക്കും ജീവനക്കാര്‍ക്കും നേരെ വെടിയുതിര്‍ത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റുവെന്നും അദ്ധ്യാപകന്‍ പെണ്‍കുട്ടിയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങിയെന്നും പൊലീസ് അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ യുഎസ് സംസ്ഥാനമായ ഐഡഹോയിലെ റിഗ്‌ബി മിഡില്‍ സ്‌കൂളിലാണ് സംഭവം.

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വെടിയുതിര്‍ത്തത്. 12 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയുടെ പേരും മറ്റ് വിവരങ്ങളും അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബാഗില്‍ കൊണ്ടുവന്ന തോക്കെടുത്ത് പെണ്‍കുട്ടി സ്‌കൂളിന് പുറത്തും അകത്തുമായി വെടിയുതിര്‍ക്കുകയായിരുന്നു.

രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഒരു സ്‌കൂള്‍ ജീവനക്കാരനുമാണ് പരിക്കേറ്റത്. എന്നാല്‍ ഇവരുടെ നില ഗുരുതരമല്ല. അദ്ധ്യാപകന്‍ പെണ്‍കുട്ടിയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി വിദ്യാര്‍ത്ഥിനിയെ കസ്റ്റഡില്‍ എടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

എല്ലാവര്‍ക്കും തോക്ക് ഉപയോഗിക്കാന്‍ അനുവാദമുള്ള അമേരിക്കയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ സാധാരണമായിക്കഴിഞ്ഞിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *