കോഴിക്കോട് 13000 ലിറ്റര്‍ ശേഷിയുള്ള ഓക്സിജന്‍ ടാങ്ക് സ്ഥാപിച്ചു

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന് പുത്തന്‍ കാല്‍വെപ്പുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 13 കിലോ ലിറ്റര്‍ ശേഷിയുള്ള ഓക്സിജന്‍ ടാങ്ക് ജില്ലാകലക്ടര്‍ എസ്. സാംബശിവ റാവുവിന്റെ നേതൃത്തില്‍ സ്ഥാപിച്ചു. പി.കെ സ്റ്റീല്‍സാണ് താല്‍ക്കാലിക സഹായമായി ടാങ്ക് കൈമാറിയത്. ജില്ലയിലെ ഓക്സിജന്റെ ലഭ്യതയും വിതരണവും ഉറപ്പാക്കാന്‍ യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചുവരുന്നത്.

കോവിഡ് രോഗികളുടെ വര്‍ദ്ധനവ് തുടരുകയാണെങ്കില്‍ പി.എം.എസ്.എസ്.വൈ ബ്ലോക്കില്‍ ഓക്സിജന്‍ പര്യാപ്തമാവാത്ത സാഹച ര്യമുണ്ടായേക്കാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലാ ഭരണകൂടം പി.കെ സ്റ്റീല്‍സുമായി ബന്ധപ്പെട്ട് 13 കിലോ ലിറ്റര്‍ ഓക്സിജന്‍ സംഭരണ ടാങ്ക് താത്കാലികമായി ഏറ്റെടുക്കുകയായിരുന്നു.

ടാങ്ക് കൃത്യതയോടെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ഹെവി മെഷീനറിയുടെ സഹായത്തോടെ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഏറ്റെടുത്തത്. സൗജന്യമായാണ് യു.എല്‍.സി.സി.എസ് പ്രവൃത്തി നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *