ദുബായ്: കോവിഡ് പ്രതിസന്ധിയ്ക്കിടെ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ദുബായിയുടെ ഔദ്യോഗിക വിമാനക്കമ്ബനിയായ എമിറേറ്റ്സ്. രാജ്യത്തെ സന്നദ്ധ സംഘടനകള്‍ നല്‍കുന്ന സഹായങ്ങളാണ് എമിറേറ്റ്സ് ഒമ്ബത് നഗരങ്ങളിലേക്ക് എത്തിക്കുക. കൊറോണ വൈറസിന്റെ രണ്ടാം തരംഗ വ്യാപനം രൂക്ഷമായ സാഹചര്യം ഉടലെടുത്തതോടെയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുതിയ ദൗത്യത്തിനിറങ്ങിയിട്ടുള്ളത്. കാരുണ്യത്തിന്റെ ആകാശപാത’ തുറന്നുവെന്നാണ് എമിറേറ്റ്‌സ് അധികൃതര്‍ നല്‍കിയ അറിയിപ്പ്.
ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ സിറ്റിയുമായി സഹകരിച്ച് ലോകാരോഗ്യ സംഘടന ലഭ്യമാക്കുന്ന സഹായമാണ് ഞായറാഴ്ച രാവിലെ ദുബായില്‍ നിന്ന് ഇന്ത്യയിലെത്തിയത്. ഈ വിഭാഗത്തിലുള്ള ആദ്യ വിമാനമാണ് ഇത്. ഇതോടെ ഇന്ത്യയ്ക്കാവശ്യമായ 12 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ദില്ലിയില്‍ എത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളുമായി പുറപ്പെടും.
കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ ആഴ്ചകളില്‍ എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോയും ഇന്ത്യയ്ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ രാജ്യത്തേക്ക് അയച്ചിരുന്നു. കോവിഡ് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തെ സഹായിക്കുന്നതിനായി എമിറേറ്റ്‌സും യുഎഇയും ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നു എന്നത് വളരെ ആശ്വാസകരമാണ്.
