സുല്‍ത്താന്‍ ബത്തേരി: രണ്ടാഴ്ചയോളമായി സി.സിയും പരിസരപ്രദേശങ്ങളും കടുവ ഭീതിയില്‍. പ്രദേശത്ത് പലയിടങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടു. കാമറ സ്ഥാപിച്ച് കടുവയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. 24 മണിക്കൂറും നിരീക്ഷണത്തിനായി പ്രത്യേക ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ കടുവയുടെ കാല്പാടുകള് കണ്ട കല്ലിടാംകുന്ന്, പുല്ലുമല, സി.സി സ്കൂളിനുസമീപം, മണ്ഡകവയല്‍ ഭാഗത്തായാണ് കാമറകള്‍ സ്ഥാപിത്. ഞായറാഴ്ച മണ്ഡകവയലില്‍ കടുവ കാട്ടുപന്നിയെ പിടികൂടിയത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഇതോടെ പ്രദേശത്ത് ആശങ്ക ഉയരുകയാണ്.
കടുവ ഇതുവരെ വളര്‍ത്തുമൃഗങ്ങളെയൊന്നും ആക്രമിച്ചിട്ടില്ലെങ്കിലും വീടിനു പുറത്ത് എന്തു ശബ്ദം കേട്ടാലും ഭയപ്പെടുന്ന അവസ്ഥയിലാണ് നാട്ടുകാര്‍.
ഇരുളം ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലാണ് കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ആരംഭിച്ചത്. ചെതലയം ഫോറസ്റ്റ് റേഞ്ചില്‍പെട്ട വനത്തിലേക്ക് സി.സിയില്‍നിന്ന് നാലു കിലോമീറ്ററേയുള്ളൂ. മധ്യപ്രദേശ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റിലേക്കും നാലു കിലോമീറ്ററില്‍ താഴെയേയുള്ളൂ. ബീനാച്ചി എസ്റ്റേറ്റില്‍ കടുവകള്‍ താമസിക്കുന്നതായി വനം വകുപ്പ് കണ്ടെത്തിയിരുന്നു.
