കല്പറ്റ: സി.പി.എം അരപ്പറ്റ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ. ഷാബുവിന്റെ ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു.
താഴെ അരപ്പറ്റ 15 പാടി റോഡരികില്‍ വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 12 ജെ 308 നമ്ബര്‍ ഓട്ടോയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ തീവെച്ച് നശിപ്പിച്ചത്.
സ്വകാര്യ മെഡിക്കല്‍ കോളജിലെ കാന്റീന് ജീവനക്കാരനായ സഹോദരനെ ജോലിസ്ഥലത്തേക്ക് കൊണ്ടുവിടാന്‍ വേണ്ടി പുലര്‍ച്ചെ എഴുന്നേറ്റപ്പോഴാണ് വാഹനം കത്തിയ നിലയില്‍ കാണുന്നത്. സാധാരണയായി വീടിന്റെ മുറ്റത്താണ് വാഹനം നിര്‍ത്താറുള്ളത്. മഴക്ക് സാധ്യതയുണ്ടെങ്കില്‍ വീട്ടില്‍ നിന്നും എടുക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ വീടിനു സമീപമായി മുകളിലെ സ്ഥലത്ത് നിര്‍ത്തിയിടുകയായിരുന്നു പതിവ്.
വാഹനം തീയിട്ടു നശിപ്പിച്ചത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് സംശയിക്കുന്നതായി ഷാബു ആരോപിച്ചു. ഓട്ടോക്ക് മുന്നിലായി മറ്റൊരു ഓട്ടോയും നിര്‍ത്തിയിട്ടിരുന്നു. ഇത് തള്ളിനീക്കിയ ശേഷമാണ് ഷാബുവിന്റെ ഓട്ടോക്ക് തീവെച്ചത്.
മേപ്പാടി പൊലീസില്‍ സാബു പരാതി നല്കി. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. ഇതേ ഓട്ടോക്ക് 2015ലും സാമൂഹിക വിരുദ്ധര്‍ തീയിട്ടിരുന്നു. അന്ന് രണ്ടര ലക്ഷം രൂപ മടക്കിയാണ് ഓട്ടോ നന്നാക്കിയതെന്ന് ഉടമ പറഞ്ഞു.
