ബാങ്ക് തട്ടിപ്പ് കേസില്‍ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍. വ്യാജ രേഖകള്‍ ഉണ്ടാക്കി സ്വകാര്യ ബാങ്കില്‍ നിന്ന് തട്ടിപ്പ് നടത്തിയ എം.ഡി മെഹഫൂസാണ് അറസ്റ്റിലായത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മെഹഫൂസ് നിര്‍മിച്ച സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായത് .
2018 മുതല്‍ മെഹഫൂസ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ നിന്ന് 4,17,44,000 രൂപ തട്ടിയെടുത്തതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വ്യാജരേഖകള്‍ ചമച്ചായിരുന്നു തട്ടിപ്പ് .
വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് അധികൃതര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മെഹഫൂസ് സമര്‍പ്പിച്ചിരുന്ന രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
പല തവണകളായാണ് പ്രതി ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞതോടെ ബാങ്ക് മാനേജരെയും അന്വേഷണ വിധേയമായി ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വിദ്യാനഗര്‍ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിക്കുകയും തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു .
