ചീങ്കണ്ണിയെ വിവാഹം ചെയ്ത് മെക്സിക്കന്‍ മേയര്‍; പരമ്ബരാ​ഗത വെളുത്ത വിവാഹ വസ്ത്രമണിഞ്ഞ് വധു

സാന്‍ പെദ്രോ: മനുഷ്യനും ചീങ്കണ്ണിയും തമ്മിലുളള അപൂര്‍വ്വ വിവാഹത്തിന് വേദിയായി സാന്‍ പെദ്രോ. മെക്സിക്കന്‍ മേയര്‍ വിക്ടര്‍ ഹ്യൂഗോയാണ് ചീങ്കണ്ണിയെ വിവാഹം ചെയ്തത്.

സമുദായ ആചാരങ്ങളുടെ ഭാ​ഗമായാണ് ഈ അപൂര്‍വ്വ വിവാഹം. ഒക്സാക എന്ന സ്ഥലത്ത് വെച്ചായിരുന്നു വിവാഹം നടത്തിയത്.

പ്രകൃതി കനിയാനുള്ള പ്രാര്‍ഥനയെന്ന നിലയിലാണ് മേയറുടെ സമുദായത്തിന്‍റെ വിശ്വാസ പ്രകാരം ചീങ്കണ്ണിയെ വിവാഹം ചെയ്യുന്നത്. ഭൂമിയുടെ പ്രതിനിധിയായാണ് ചീങ്കണ്ണിയെ ഈ സമുദായം കാണുന്നത്. മേയറും ചീങ്കണ്ണിയും വിവാഹിതരാകുമ്ബോള്‍ മനുഷ്യനും ദൈവവും ഒന്നിക്കുന്നു എന്നാണ് സങ്കല്‍പം.

‘ആവശ്യത്തിന് മഴ ലഭിക്കാനും ഭക്ഷണം ലഭിക്കാനും നദിയില്‍ ആവശ്യത്തിന് മത്സ്യമുണ്ടാകാനും ഞങ്ങള്‍ പ്രകൃതിയോട് പ്രാര്‍ഥിക്കുന്നു.’ എന്ന് പ്രാര്‍ത്ഥിച്ചാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. പരമ്ബരാ​ഗത വെളുത്ത വിവാഹ വസ്ത്രമണിയിച്ചൊരുക്കിയാണ് ചീങ്കണ്ണിയെ പള്ളിയിലെത്തിച്ചത്.

ഡ്രമ്മിന്‍റെ അകമ്ബടിയില്‍ വാദ്യഘോഷങ്ങളോടെ ഗ്രാമവീഥിയിലൂടെയാണ് വധുവിനെ വിവാഹ വേദിയിലേക്ക് വിശ്വാസികള്‍ ആനയിച്ചു. വധുവിനെ മേയര്‍ ചുംബിച്ചതോടെ ചടങ്ങ് പൂര്‍ത്തിയായി. ഉമ്മ വെയ്ക്കുമ്ബോള്‍ തിരിച്ചുകടിക്കാതിരിക്കാന്‍ ചീങ്കണ്ണിയുടെ വായ കൂട്ടി കെട്ടിയിരുന്നു. ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *