സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വ്യാപക നാശം

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ. കണ്ണൂരില്‍ പലയിടത്തും വെള്ളക്കെട്ടാണ്.

വീടുകളില്‍ വെള്ളം കയറി. മലയോര മേഖലകളിലും കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. തൃശൂരില്‍ വ്യാപക കൃഷിനാശമുണ്ടായി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

“കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ , ഐ സി എസ് സി/ സി ബി എസ് ഇ സ്കൂളുകള്‍, അംഗന്‍വാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു.”- എന്ന് കളക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശാലയിലെ പരീക്ഷകള്‍ മാറ്റിവച്ചു.

കാസര്‍കോട് ജില്ലയില്‍ സ്കൂളുകള്‍ക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചത്. ‘ജില്ലയില്‍ അതിശക്തമായ മഴ തുടരുകയും പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പടെ എല്ലാ സ്‌കൂളുകള്‍ക്കു അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്ക് അവധി ബാധകമല്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്.’- കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *