തമിഴ്‌നാട് വെല്ലൂര്‍ തിരുവല്ലത്ത് പതിനെട്ടുകാരിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ചെറുപ്പക്കാരന്‍ അറസ്റ്റില്‍.
അടുപ്പത്തിലായിരുന്ന പെണ്‍കുട്ടി മറ്റാരെയോ പ്രണയിക്കുന്നു എന്ന സംശയത്തിലാണ് കൊലപാതകശ്രമം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെല്ലൂര്‍ സ്വദേശി സതീഷാണ് അറസ്റ്റിലായത്. ഇരുപതുകാരനായ സതീഷ് തമിഴ്‌നാട് വെല്ലൂര്‍ ജില്ലയിലെ ഗുപ്പതമൊട്ടൂര്‍ സ്വദേശിയാണ്.
വെല്ലൂരിലെ സ്വകാര്യ കോളേജില്‍ ബിഎസ്!സി ഒപ്‌റ്റോമെട്രിക്‌സ് വിദ്യാര്‍ത്ഥിയായ ഇയാള്‍ റാണിപേട്ടയിലെ മറ്റൊരു കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. പാരാ മെഡിക്കല്‍ കോഴ്‌സ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. മറ്റേതോ ചെറുപ്പക്കാരനുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് സതീഷ് പെണ്‍കുട്ടിയെ കൊല്ലാന്‍ തീരുമാനിച്ചത്. കോളേജില്‍ പോകാനായി തിരുവല്ലം ബസ് സ്റ്റാന്‍ഡില്‍ എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പിന്തുടര്‍ന്ന് ചെന്ന് ശല്യപ്പെടുത്തി പ്രകോപിപ്പിച്ചു.
ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ആയതിനിടെ പെട്ടെന്ന് കയ്യില്‍ കരുതിയിരുന്ന പേനാക്കത്തിയെടുത്ത് പെണ്‍കുട്ടിയുടെ മുഖത്തും കഴുത്തിലും കുത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ച് റോഡില്‍ വീണ പെണ്‍കുട്ടിയെ കണ്ടുനിന്നവര്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നാട്ടുകാര്‍ തന്നെയാണ് സതീഷിനെ തടഞ്ഞുവച്ച് പൊലീസിനെ ഏല്‍പ്പിച്ചത്.
ഇയാളുടെ മേല്‍ കൊലപാതകശ്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, തമിഴ്‌നാട് സ്ത്രീപീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തു.
