പാലക്കാട് ∙ പോക്സോ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ അതിജീവിതയായ 11 വയസ്സുകാരിയെ മാതാപിതാക്കളും കേസിലെ പ്രതിയായ ചെറിയച്ഛനും ഉള്‍പ്പെടെയുള്ള സംഘം മുത്തശ്ശിയുടെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടുപോയി.
പെണ്‍കുട്ടിയുടെ സംരക്ഷണം മുത്തശ്ശിയെയാണു കോടതി ഏല്‍പ്പിച്ചിരുന്നത്.
കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കൂടിയായ ചെറിയച്ഛന്‍ ഉള്‍പ്പെടെ 6 പേരെ ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ 3 പേര്‍ സ്ത്രീകളാണ്. പെണ്‍കുട്ടിയെയും മാതാപിതാക്കളെയും കണ്ടെത്താനായിട്ടില്ല.
നഗരത്തില്‍ 10നു വൈകിട്ട് നാലോടെയാണു സംഭവം. ചെറിയച്ഛനെതിരെ ടൗണ്‍ സൗത്ത് പൊലീസ് കഴിഞ്ഞ വര്‍ഷം കേസെടുത്തിരുന്നു. അറസ്റ്റിലായ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
പ്രതിക്ക് അനുകൂലമായി മൊഴി മാറ്റാനാണു കുട്ടിയെ ബലമായി കൊണ്ടുപോയതെന്നാണ് പൊലീസിന്റെ നിഗമനം. മുത്തശ്ശിയുടെ വീട്ടിലെത്തിയ സംഘം കുട്ടിയെ ബലപ്രയോഗത്തിലൂടെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എതിര്‍ക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കും ഇവരുടെ മകള്‍ക്കും പരുക്കേറ്റു. കാറിലും ബൈക്കിലുമാണു സംഘം എത്തിയത്. കാറിന്റെ നമ്ബര്‍ തുണി ഉപയോഗിച്ചു മറച്ചിരുന്നു. ബൈക്കിന്റെ നമ്ബര്‍ വ്യാജമാണ്.
