കനത്ത മഴ-ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞും അപകടങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ പൊതുഇടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്‌ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യണം. മഴയും കാറ്റുമുള്ളപ്പോള്‍ ഇതിന്റെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ അരുത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.25 അടി ഉയരത്തിലാണ്. മഴ തുടര്‍ന്ന് ജലനിരപ്പ് താങ്ങാവുന്ന ഏറ്റവും ഉയര്‍ന്ന 136.60 അടിയിലെത്തുകയാണെങ്കില്‍ സ്പില്‍വേയിലൂടെ തമിഴ്നാടിന്റെ ഭാഗത്തു നിന്നും ജലം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാഹചര്യവും നിലനില്‍ക്കുന്നു. സമീപവാസികള്‍ ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *