മലപ്പുറം: യൂത്ത് ലീഗ് സെക്രട്ടറി ആയിരിക്കുമ്പോള്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നു എന്ന പരാമര്‍ശം കെടി ജലീലിന് തന്നെ തിരിച്ചടിയാകുന്നു. തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ അധ്യാപകനായി ജോലി ചെയ്യവേയാണ് കെടി ജലീല്‍ യൂത്ത് ലീഗ് സെക്രട്ടറി ആകുന്നത്.കോളേജ് അധ്യാപകര്‍ സര്‍വീസ് കാലയളവില്‍ എന്തെങ്കിലും തരത്തില്‍ ബിസിനസ് നടത്തുന്നത് സര്‍വകലാശാല ചട്ട പ്രകാരവും കേരള സര്‍വീസ് റൂള്‍ പ്രകാരവും തെറ്റാണ്.
1994 ല്‍ പിഎസ്എംഒ കോളേജില്‍ അധ്യാപക ജോലി ആരംഭിച്ചതിനു ശേഷമാണ് കെടി ജലീല്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ആകുന്നത്. യൂത്ത് ലീഗ് സെക്രട്ടറി ആയിരുന്നപ്പോള്‍ ട്രാവല്‍ ഏജന്‍സി നടത്തി എന്നായിരുന്നു ജലീലിന്റെ ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശം.കാലിക്കറ്റ് യൂണിവേഴ്സിറ്റി ചട്ടപ്രകാരം കോളേജ് അധ്യാപകര്‍ പ്രതിഫലം ലഭിക്കുന്ന മറ്റൊരു പ്രവര്‍ത്തനവും നടത്തരുത്.
കോളേജ് അധ്യാപകര്‍ ട്യൂഷന് എടുത്താല്‍ പോലും കുറ്റമാണെന്ന് സര്‍വകലാശാല ചട്ടം അടിവരയിടുന്നുണ്ട്. സര്‍ക്കാര്‍ ശമ്പളം വാങ്ങുമ്പോള്‍ നേരിട്ട് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന മറ്റ് പ്രവര്‍ത്തനം നടത്തരുത് എന്ന് കേരള സര്‍വീസ് റൂളും പറയുന്നു. അങ്ങനെ ഉണ്ടെങ്കില്‍ വകുപ്പിന് അന്വേഷണം നടത്തി നടപടിയും സ്വീകരിക്കാം. വിജിലന്‍സിനു സ്വമേധയാ കേസ് എടുക്കാന്‍ പരിമിതികള്‍ ഉണ്ടെങ്കിലും പരാതി ലഭിച്ചാല്‍ തുടര്‍ നടപടികള്‍ എടുക്കാം.
