കൊച്ചി: ബൈക്കിലെത്തി പെണ്‍കുട്ടികളെ കടന്നു പിടിച്ച യുവാവ് പൊലീസ് പിടിയില്‍. മാറാടി സ്വദേശി നസീബാണ് തലയോലപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെയായിരുന്നു പ്രതിയുടെ സ്ഥിരം അക്രമം. കഴിഞ്ഞ 16 നാണ് വടയാര്‍ മുട്ടുങ്കല്‍ റോഡില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പ്രതി നസീബ് കടന്നുപിടിച്ചത്. അടുത്തെത്തി തടഞ്ഞ് നിര്‍ത്തിയായിരുന്നു അതിക്രമം.
പെണ്‍കുട്ടികള്‍ കുതറി മാറി ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. മൂവാറ്റുപുഴയിലെ ചെരുപ്പുകടയില്‍ ജീവനക്കാരനാണ് നസീബ്. വ്യാപാര സ്ഥാപനങ്ങളില്‍ ചെരുപ്പിന്റെ ഓര്‍ഡറെടുത്ത് സാധനങ്ങള്‍ എത്തിക്കാനുള്ള യാത്രയ്ക്കിടെയാണ് ഇയാള്‍ ഇടറോഡുകളില്‍ വച്ച് പെണ്‍കുട്ടികളെ ആക്രമിച്ചിരുന്നത്. കടുത്തുരുത്തി വൈക്കം മേഖലകളില്‍ ഇയാള്‍ നിരവധി കുട്ടികളെ ശല്യം ചെയ്തിരുന്നതായി പരാതി ലഭിച്ചിട്ടുണ്ട്.
പരാതിയെ തുടര്‍ന്ന് തലയോലപ്പറമ്പ് എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മുങ്ങി നടന്നിരുന്ന ഇയാളെ മൂവാറ്റുപുഴയില്‍നിന്ന് പിടികൂടിയത്. വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ നസീബിനെ റിമാന്‍ഡ് ചെയ്തു.
