തിരുവനന്തപുരം : സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ പിടിമുറുക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലേക്ക്.
ഒക്ടോബര്‍ അവസാനം ഒഴിവ് വരുന്ന കേരള സര്‍വകലാശാല വി.സി പദവിയില്‍ നിയമനത്തിന് മുമ്ബ് നിയമനരീതിയില്‍ മാറ്റം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് ഓര്‍ഡിനന്‍സിനുള്ള നീക്കം. ഡോ.എന്‍.കെ. ജയകുമാര്‍ അധ്യക്ഷനായ സര്‍വകലാശാല നിയമപരിഷ്കരണ കമീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓര്‍ഡിനന്‍സ് പരിഗണിക്കുന്നത്.
വി.സി നിയമനത്തില്‍ ചാന്‍സലറായ ഗവര്‍ണര്‍ക്കുള്ള അധികാരം നിയന്ത്രിക്കുന്ന രീതിയിലാണ് ശിപാര്‍ശ. വി.സിയെ കണ്ടെത്താനുള്ള മൂന്നംഗ സെര്‍ച് കം സെലക്ഷന് കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങള്‍ സമര്‍പ്പിക്കുന്ന പാനല്‍ കമ്മിറ്റിയുടെ ഔദ്യോഗിക പാനലായി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്. നിലവില്‍ മൂന്നംഗ കമ്മിറ്റിക്ക് ഐകകണ്ഠ്യേനയോ വെവ്വേറെയോ പേരുകള്‍ നിര്‍ദേശിച്ച് പാനല്‍ സമര്‍പ്പിക്കാം. ഇതില്‍നിന്ന് ഗവര്‍ണര്‍ക്ക് വി.സിയെ നിയമിക്കാം.
കമീഷന് ശിപാര്‍ശ പ്രകാരം മൂന്നംഗ കമ്മിറ്റിയിലെ രണ്ടുപേര്‍ സമാന പാനല്‍ സമര്‍പ്പിച്ചാല്‍ ഔദ്യോഗിക പാനലായി മാറുകയും അത് മാത്രം ഗവര്‍ണറുടെ പരിഗണനക്ക് അയക്കുകയും ചെയ്യണം. മൂന്നംഗ സെര്‍ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധിയെ സര്‍ക്കാര്‍ ശിപാര്‍ശ പ്രകാരം ചാന്‍സലര്‍ നിയമിക്കണമെന്ന ഭേദഗതിയും കമീഷന് നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ വ്യവസ്ഥ വരുന്നതോടെ സര്‍ക്കാറിന് താല്പര്യമുള്ളയാളെ ചാന്‍സലറുടെ പ്രതിനിധിയായി നിയമിക്കാനാകും.
സെര്‍ച് കമ്മിറ്റിയിലെ യു.ജി.സി പ്രതിനിധി വ്യത്യസ്ത പാനല്‍ മുന്നോട്ടുവെച്ചാലും ചാന്‍സലറുടെ പ്രതിനിധിയും സര്‍വകലാശാല പ്രതിനിധിയും സമാന പാനല്‍ കൊണ്ടുവന്നാല്‍ ഔദ്യോഗിക പാനലായി മാറും. കേരള സര്‍വകലാശാലയില്‍ വി.സി നിയമനത്തിനുള്ള സര്‍വകലാശാല പ്രതിനിധിയായി ആസൂത്രണബോര്‍ഡ് വൈസ് ചെയര്മാന് ഡോ.വി.കെ. രാമചന്ദ്രനെ രണ്ടാഴ്ച മുമ്ബ് ചേര്‍ന്ന സെനറ്റ് യോഗം തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വി.സി നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കും മുമ്ബ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍തലത്തില്‍ നീക്കം തുടങ്ങിയത്.
നേരത്തേ കാലിക്കറ്റ്, കണ്ണൂര്‍, കാലടി സര്‍വകലാശാല വി.സി നിയമനങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ നോമിനിയെ നിയമിക്കാന്‍ തയാറാകാതിരുന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനത്തിലും കാലടി വി.സി നിയമനത്തിലും സര്‍ക്കാര്‍ നീക്കത്തിനെതിരെ ഗവര്‍ണര്‍ പരസ്യവിമര്‍ശനവും നടത്തിയിരുന്നു. കേരള വി.സി നിയമനത്തില്‍ ഇത് ആവര്‍ത്തിക്കരുതെന്ന ലക്ഷ്യത്തിലാണ് ഓര്‍ഡിനന്‍സ് നീക്കം.
