ന്യൂഡല്‍ഹി: മങ്കിപോക്‌സ് പ്രതിരോധത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഓര്‍മിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം പകരാതിരിക്കാന്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചവരെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തിലാക്കണം എന്നതാണ് പ്രദാനമായും കേന്ദ്രം മുന്നോട്ടു വച്ചിട്ടുള്ള നിര്‍ദേശം. സോപ്പും, സാനിറ്റൈസറും കൃത്യമായ ഇടവേളകളില്‍ ഉപയോഗിക്കുക, രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ കയ്യുറയും മാസ്‌കും ധരിക്കുക തുടങ്ങിയ മാര്‍ഗ്ഗനിര്‍ദേശങ്ങളും ആരോഗ്യമന്ത്രാലയം മുന്നോട്ടു വച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവര്‍ പൊതു പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കണം. അതേസമയം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തരുതെന്നും ആരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു. രാജ്യത്ത് മങ്കിപോക്‌സ് കേസുകള്‍ കൂടുകയും യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയ ആള്‍ മങ്കിപോക്‌സ് ബാധിച്ച് മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര നിര്‍ദേശം.
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരെ വിമാനത്താവളങ്ങളില്‍ വച്ച് തന്നെ മങ്കി പോക്‌സ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് യുഎഇയോട് ഇന്നലെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. വിമാനത്താവളങ്ങളില്‍ വച്ച് തന്നെ പരിശോധന നടത്തുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യണമെന്നാണ് യുഎഇ സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടത്. കേന്ദ്ര ആരോഗ്യമന്ത്രി പാര്‍ലമെന്റില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയില്‍ നിന്നെത്തിയവരില്‍ മങ്കിപോക്‌സ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. കഴിഞ്ഞ ദിവസം കേരളത്തില്‍ മങ്കിപോക്‌സ് ബാധിച്ച് മരിച്ച തൃശ്ശൂര്‍ സ്വദേശി യുഎഇയിലെ പരിശോധയില്‍ പോസിറ്റീവായ വിവരം മറച്ചുവച്ചിരുന്നു. രോഗവിവരം മറച്ചുവച്ച് നിരവധി പേരുമായി ഇടപഴകുകയും ചെയ്തു. ഈ സമ്പര്‍ക്ക പട്ടികയിലുള്ളവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്. മങ്കിപോക്‌സ് പ്രതിരോധത്തില്‍ കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്നും ആരോഗ്യ മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
രാജ്യത്ത് മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമല്ലെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മാന്‍സുഖ് മാണ്ഡവ്യ ഇന്നലെ രാജ്യസഭയെ അറിയിച്ചിരുന്നു. ഇത്തവണ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യും മുന്‍പ് തന്നെ കേന്ദ്രം മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. മങ്കിപോക്‌സ് പ്രതിരോധത്തിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും, ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയും ചെയ്തു. ഐസിഎംആര്‍ വാക്‌സീനും, പരിശോധനാ കിറ്റും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ചതിന് സമാനമായ മാര്‍ഗങ്ങളിലൂടെ മങ്കിപോക്‌സ് പ്രതിരോധവും നടപ്പിലാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
ഇതിനിടെ മങ്കിപോക്‌സ് വാക്‌സീന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അധര്‍ പുനെവാല അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അധര്‍ പുനെവാലയുടെ പ്രതികരണം. ഐസിഎംആര്‍ നേരത്തെ വാക്‌സീന്‍ വികസിപ്പിക്കുന്നതിനുള്ള താത്പര്യപത്രം ക്ഷണിച്ചിരുന്നു. ഈ മാസം പത്തിനുള്ളിലാണ് താത്പര്യ പത്രം നല്‍കേണ്ടത്.
കേരളത്തില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശി ഉള്‍പ്പെടെ 8 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ താമസിക്കുന്ന മറ്റൊരു നൈജീരിയന്‍ സ്വദേശിക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ രാജ്യ തലസ്ഥാനത്തെ രോഗികളുടെ എണ്ണം മൂന്നായി. രാജ്യത്തെ ആദ്യ കേസ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. രോഗമുക്തനായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
