ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരില്‍ ഇറാന്‍ പോലീസ് മര്‍ദിച്ച യുവതി മരിച്ചു

ടെഹ്റാന്‍: ശിരോവസ്ത്രം ധരിക്കുന്നതില്‍ നിയമങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച്‌ ഇറാനില്‍ പോലീസ് അറസ്റ്റ് ചെയ്ത് യുവതി ദിവസങ്ങള്‍ക്ക് ശേഷം മരിച്ചു.

മഹ്സ അമിനി(22) ആണ് മരിച്ചത്.

ചൊവ്വാഴ്ച ഇവരെ ഇസ്ലാമിക് ഡ്രസ് കോഡ് പാലിക്കുന്നില്ലെന്ന പേരില്‍ ഗൈഡന്‍സ് പട്രോളുകള്‍ എന്നറിയപ്പെടുന്ന (സദാചാര) പോലീസ് മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമിനി വെള്ളിയാഴ്ച മരിച്ചു.

എന്നാല്‍ ശിരോവസ്ത്രമായ ഹിജാബിനെക്കുറിച്ചുള്ള ബോധവത്ക്കരണത്തിനായാണ് അമിനിയെ തങ്ങള്‍ അറസ്റ്റ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നും ടെഹ്റാന്‍ പോലീസ് അറിയിച്ചു. അമിനിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായും അവര്‍ പറഞ്ഞു.

പക്ഷെ യുവതിക്ക് യാതൊരു ആരോഗ്യ പ്രശ്നവുമില്ലായിരുന്നെന്ന് അമിനിയുടെ കുടുംബം പറഞ്ഞു.

ഗൈഡന്‍സ് പട്രോളുകളുടെ സ്ത്രീകള്‍ക്കെതിരെയുള്ള സദാചാര ആക്രമണങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ഉദ്യോഗസ്ഥര്‍ സ്ത്രീകളെ തടഞ്ഞുനിര്‍ത്തുന്നതും നിലത്തിട്ട് വലിച്ചിഴക്കുന്നതും ബലം പ്രയോഗിച്ച്‌ തള്ളുന്നതുമായ നിരവധി വീഡിയോകള്‍ ഇറാനികള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *