മഴ: സൗദിയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

യാംബു: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയും ശീതക്കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പാശ്ചാത്തലത്തില്‍ ജിദ്ദ, മക്ക, ഹാഇല്‍, ഹഫര്‍ അല്‍ ബാത്തിന്‍, അല്‍ ഖസീം, താഇഫ് എന്നിവിടങ്ങിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

സ്‍കൂളുകളിലെയും സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അവധി ബാധകമാകും. വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ‘മദ്‌റസതീ’ എന്ന മന്ത്രാലയത്തിന്റെ പ്ലാറ്റ് ഫോം വഴി ഓണ്‍ ലൈനായി നടക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അല്‍ ജമൂം,അല്‍ കാമില്‍, ബഹ്റ, ലൈത്ത് തുടങ്ങിയ പ്രദേശങ്ങളിലുള്ള സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.

രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇടത്തരം മുതല്‍ കനത്ത മഴയും ശീതക്കാറ്റും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചിലയിടങ്ങളില്‍ മഴയോടൊപ്പം ആലിപ്പഴ വീഴ്ചയും മഞ്ഞു വീഴ്ചയും ഉണ്ടാകാനുള്ള സാധ്യതയും നാഷനല്‍ സെന്റര്‍ ഓഫ് മീറ്ററോളയോളജി (എന്‍.സി.എം) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *