മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ പിഴുതു മാറ്റുന്നതിനിടയില്‍ പന ദേഹത്തു വീണ് തിരുവല്ലയില്‍ വീട്ടമ്മ മരിച്ചു

പത്തനംതിട്ട: മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ പിഴുതു മാറ്റുന്നതിനിടയില്‍ പന ദിശ തെറ്റി ദേഹത്തു വീണ് വീട്ടമ്മ മരിച്ചു.

കടപ്ര പഞ്ചായത്ത് തുമ്മംതറ പുത്തന്‍ വീട്ടില്‍ ലീലാമ്മ വര്‍ഗീസ് (60) ആണ് മരിച്ചത്. സഹോദരീ ഭര്‍ത്താവ് കൂടല്‍ ഗ്രേസ് വില്ലയില്‍ പാസ്റ്റര്‍ തോമസ് സാമുവലിനും (68) അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഇന്നലെ വൈകിട്ടാണ് സംഭവം.

ലീലാമ്മയുടെ പുതിയ വീടിന്റെ നിര്‍മാണത്തിനായി പരിസരപ്രദേശത്തുളള മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനിടയിലാണ് അപകടം. എതിര്‍ ഭാഗത്തേക്ക് മരം പിഴുതു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും നിന്നിരുന്ന ഭാഗത്തേക്ക് മരം വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും പരുമലയിലെ സെന്റ് ഗ്രിഗോറിയോസ് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലീലാമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല.

സഹോദരീ ഭര്‍ത്താവ് തോമസ് സാമുവലിന് നട്ടെല്ലിനും തലയ്ക്കുമാണ് പരുക്ക്. ലീലാമ്മയുടെ ഭര്‍ത്താവ് പാസ്റ്റര്‍ ടി.എം. വര്‍ഗീസ് ഏപ്രിലിലാണ് മരിച്ചത്. മകന്‍: ഫ്ലൈബി വര്‍ഗീസ് (യുകെ). മരുമകള്‍: സ്‌നേഹ. സംസ്കാരം പിന്നീട്.മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പുളിക്കീഴ് പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *