‘മതം കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ 2024 ഇലക്ഷനില്‍ പാഠം പഠിപ്പിക്കണം’ സ്റ്റാലിന്‍

മുസ്ലിംലീഗ് സമ്മേളനത്തില്‍ മലയാളത്തില്‍ പ്രസംഗിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മുസ്ലിം ലീഗ് വിളിച്ചാല്‍ സമ്മേളനത്തിന് തനിക്ക് വരാതിരിക്കാനാവില്ലെന്നും ഇനിയും വിളിച്ചാലും സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം തമിഴില്‍ പറഞ്ഞപ്പോള്‍ പ്രസംഗത്തിന്റെ അവസാനമാണ് അദ്ദേഹം മലയാളത്തില്‍ സദസ്സിനോട് സംവദിച്ചത്.

‘മതം കൊണ്ട് നമുക്കിടയില്‍ വെറുപ്പ് പടര്‍ത്താന്‍ നോക്കുന്നവരുണ്ട്. 2024 ലെ ഇലക്ഷന്‍ അവരെ പാഠം പഠിപ്പിക്കാനുള്ള അവസരമാണ്. 2024 ജയിക്കാന്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കണം. അതാണ് നമുക്ക് വിജയിക്കാനുള്ള മാര്‍ഗം. ഈ ആശയം ഇന്ത്യ മുഴുവന്‍ എത്തിക്കണം. നമുക്ക് ഒരമുച്ച് നില്‍ക്കാം, നമുക്ക് ജയിക്കാം’ എം.കെ സ്റ്റാലിന്‍ പറഞ്ഞു.

ചെന്നൈയില്‍ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ വന്നിരിക്കുന്നത് നിങ്ങളില്‍ ഒരുവനായിട്ടാണ്. നമ്മുടെ സമ്മേളനത്തിനാണ്. ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ച നേതാക്കള്‍ക്ക് നന്ദി. കലൈഞ്ജറെയും അണ്ണാ അവര്‍കളെയും വളര്‍ത്തിയത് ഇസ്ലാമിക സമൂഹമാണ്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി കേരളത്തില്‍നിന്ന് വന്ന പ്രിയപ്പെട്ട മലയാളികള്‍ക്ക് എന്റെ വണക്കം’ സ്റ്റാലിന്‍ തമിഴില്‍ പറഞ്ഞു.

ഈ സമ്മേളനം ചില രാഷ്ട്രീയ പ്രമേയങ്ങള്‍ അവതരിപ്പിച്ചത് കേട്ടു. അതില്‍ പറഞ്ഞ കാര്യങ്ങള്‍ ആവുന്നതും ചെയ്യാന്‍ ശ്രമിക്കും. ന്യായമായ ആവശ്യങ്ങളെല്ലാം നിറവേറ്റുമെന്ന് താന്‍ ഈ അവസരത്തില്‍ വാഗ്ദാനം ചെയ്യുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *