കല്‍പ്പറ്റ: കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് വയനാട്ടിലെ കല്‍പ്പറ്റയില്‍ തുടക്കം.
എം കെ ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ രാത്രി 7.30ന് വയനാട് യുണൈറ്റഡ് എഫ്സി കേരള യുണൈറ്റഡ് എഫ്സിയെ നേരിടും. രണ്ടാംപാദം ബുധനാഴ്ച നടക്കും.
ആറ് ടീമുകള്‍ ഏറ്റുമുട്ടിയ സൂപ്പര്‍ സിക്സില്‍ പരാജയമറിയാതെ 11 പോയിന്റ് നേടി ഗ്രൂപ്പ് ജേതാക്കളായാണ് വയനാട് എഫ്സി കളത്തിലിറങ്ങുന്നത്. രണ്ടുവീതം ജയവും പരാജയവും ഒരു സമനിലയുമായി ഏഴ് പോയിന്റായിരുന്നു കേരള യുണൈറ്റഡിന്റെ സമ്ബാദ്യം. വൈകിട്ട് 6.30ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി സെമി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.
രണ്ടാംസെമിയില്‍ നാളെ ഗോകുലം കേരള എഫ്സിയും -കോവളം എഫ്സിയും ഏറ്റുമുട്ടും. രണ്ടാംപാദം വ്യാഴാഴ്ചയാണ്. സൂപ്പര്‍ സിക്സില്‍ രണ്ടാംസ്ഥാനത്തെത്തിയ കേരള പൊലീസിനുപകരമാണ് അഞ്ചാമതെത്തിയ കോവളം കളിക്കുന്നത്. ശ്രീനഗറില്‍ അഖിലേന്ത്യാ പൊലീസ് ടൂര്‍ണമെന്റിനുപോയ പൊലീസ് ടീം സെമി നീട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഇക്കാര്യം തള്ളി. ജനപ്രിയ ടീമായ പൊലീസിനോടുള്ള സമീപനത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുണ്ട്. അതിനിടെ ശ്രീനഗറിലുള്ള പൊലീസ് ടീം വായമൂടി പ്രതിഷേധിച്ചു.
