കോഴിക്കോട്: ക്ഷേത്രങ്ങള്‍ക്ക് സമീപത്തെ ഹോട്ടലുകളിലും മാംസാഹാരം വില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് പോസ്റ്ററുകള്‍. നഗരത്തിലെ ചില ക്ഷേത്രങ്ങളും അതിന്റെ പരിസരങ്ങളുമായി ബന്ധപ്പെട്ട ചുവരുകളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്ററുകള്‍ ഹിന്ദു ഐക്യ വേദിയുടെ പേരിലുള്ളതാണ്.
കന്യകാ പരമേശ്വരി ക്ഷേത്രം, മഹാഗണിപതി ബാല സുബ്രഹ്മണ്യക്ഷേത്രം, രേണുകാ മാരിയമ്മന്‍ ക്ഷേത്രം എന്നിവയുടെ പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റര്‍. ക്ഷേത്ര സമുച്ചയത്തിന് നടുവില്‍ നോണ്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ അനുവദിക്കില്ല എന്ന തലക്കെട്ടിലുള്ള പോസ്റ്ററില്‍ ക്ഷേത്രങ്ങളെയും പൂജാ ദ്രവ്യങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളെയും മാംസാഹാരം വില്‍ക്കുന്ന ഹോട്ടലുകള്‍ അശുദ്ധമാക്കുന്നെന്നാണ് ആരോപണം.
മഹാഗണിപതി ബാല സുബ്രഹ്മണ്യക്ഷേത്രം, രേണുകാ മാരിയമ്മന്‍ ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ക്ക് നടുവില്‍ ആര്‍ക്ക്വേണ്ടിയാണ് ഒരു നോണ്‍ വെജിറ്റേറിയന്‍ ഹോട്ടല്‍? കോഴിക്കോട്ടെ ക്ഷേത്രങ്ങള്‍ക്കെല്ലാം പൂജാദ്രവ്യങ്ങള്‍ നല്‍കുന്ന വ്യാപാര സ്ഥാപനങ്ങളെയും അവ വാങ്ങുന്ന ക്ഷേത്രങ്ങളെയും അശുദ്ധമാക്കുന്ന ഈ ഹോട്ടലിനെതിരേ ഭക്തജനങ്ങള്‍ പ്രതിഷേധിക്കുക എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്.
