15 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ചിറ്റൂർ മേനോൻപാറ മലബാർ ഡിസ്റ്റിലറീസില്‍ ‘ജവാൻ’ മദ്യത്തിന്റെ ഉത്പാദനം തുടങ്ങുന്നു

ബ്ലെൻഡിങ് ആൻഡ് ബോട്ലിങ് പ്ലാന്റ് നിർമാണോദ്ഘാടനം ഏഴിനു രാവിലെ 11.30-ന് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. 2024 ജൂലായിലാണ് മലബാർ ഡിസ്റ്റിലറീസില്‍ ജവാൻ മദ്യോത്പാദനത്തിന് ഭരണാനുമതി ലഭിക്കുന്നത്. 2025 മാർച്ചില്‍ സാങ്കേതികാനുമതിയും ലഭിച്ചു. അഞ്ചു ലൈൻ ബോട്ലിങ് പ്ലാന്റ് സ്ഥാപിക്കാൻ ബിവറേജസ് കോർപ്പറേഷന് 25 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 29.5 കോടി രൂപയുടെ പദ്ധതിയില്‍ തുടക്കത്തില്‍ 15 കോടി മുടക്കാനാണ് ബിവറേജസ് കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് പൂർണ ഓട്ടോമാറ്റിക് ബോട്ലിങ് ലൈനില്‍ ദിവസേന 12,500 കെയ്സ് വരെ മാത്രം മദ്യോത്പാദനമാണ് പുതിയ പദ്ധതിയിലുള്ളത്. ഇതിനായി പരമാവധി 25,000 ലിറ്റർ വെള്ളമാണ് കണക്കാക്കുന്നത്. ഇരു ഭാഗത്തുനിന്നുമുള്ള പുഴകളില്‍നിന്ന് ശുദ്ധീകരിക്കാത്ത വെള്ളം മേനോൻപാറയിലെ കമ്പനി പരിസരത്തെ സംഭരണിയില്‍ എത്തിച്ച്‌ ശുദ്ധീകരിക്കാനുള്ള സമാന്തരപദ്ധതി ജല അതോറിറ്റി തയ്യാറാക്കിയിട്ടുമുണ്ട്. 2009 ജൂണിലാണ് ഷുഗർ ഫാക്ടറിയുടെ മേനോൻപാറയിലെ സ്ഥലത്ത് മലബാർ ഡിസ്റ്റിലറീസ് സ്ഥാപിക്കുന്നത്. ബിവറേജസ് കോർപ്പറേഷന് കീഴില്‍ 10 ലൈൻ ബോട്ലിങ് പ്ലാന്റ് തുടങ്ങാൻ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് 2018 ല്‍ ഒഴിവാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *