മൂന്നാം ക്ലാസുകാരന് മര്‍ദ്ദനം: പരാതി വ്യാജമെന്ന് ഡി.ഇ.ഒ. റിപ്പോര്‍ട്ട്

മലപ്പുറം:മലവട്ടം എം.കെ.എച്ച്.എം.എ.എം. എല്‍.പി. സ്‌കൂളിലെ അധ്യാപകന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ കമ്പിയും ഇലക്ട്രിക് വയറും ഉപയോഗിച്ച് മര്‍ദ്ദിച്ചെന്ന പരാതി വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ നിര്‍ദ്ദേശാനുസരണമാണ് അന്വേഷണം നടന്നത്. ആരോപണവിധേയനായ അധ്യാപകന്‍, പ്രധാനാധ്യാപകന്‍, മര്‍ദ്ദനമേറ്റതായി പറയപ്പെടുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ്, പി.ടി.എ. പ്രസിഡന്റ് എന്നിവരെ ഡി.ഇ.ഒ. നേരില്‍ കണ്ട് മൊഴിയെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതി അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. കുട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ അധ്യാപകന്‍ ഗുണദോഷിക്കുക മാത്രമാണ് ചെയ്തത്. അടിക്കുകയോ ശാരീരികമായി ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല. രണ്ടു കുട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ ഒരാള്‍ മറ്റൊരാളുടെ കഴുത്തില്‍ പിടിക്കുന്നതു കണ്ട് ശബ്ദം ഉയര്‍ത്തി പറയുക മാത്രമാണ് അധ്യാപകന്‍ ചെയ്തത്. കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടില്ല. ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പരാതിക്കാരന് അയച്ചെങ്കിലും മറുപടി സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി കമ്മീഷന്‍ കേസ് തീര്‍പ്പാക്കി. കാടാമ്പുഴ സ്വദേശി മുനവര്‍ അലി ചെലൂക്കാരന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *