സ്യൂറിച്ച്: ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ലോക ഫുട്‌ബോളിലെ രണ്ട് അതികായന്മാര്‍. അത്ഭുതങ്ങള്‍ സംഭവിച്ചില്ലങ്കില്‍ ഇത്തവണത്തെ ‘ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരത്തിനുള്ള മത്സരവും ഇവര്‍ തമ്മിലാകുമെന്നുള്ള കാര്യം ഉറപ്പ്. ഇത്തവണ ഫിഫയുടെ പുരസ്‌കാരത്തോടടുത്ത് നില്‍ക്കുന്നത് 23 താരങ്ങളാണ്. പ്രഗത്ഭരായ ഈ താരങ്ങളുടെ പട്ടികയില്‍ മറ്റെല്ലാവരെക്കാളും മുന്നിലാണ് മെസിയും റൊണാള്‍ഡോയും.
ലീസ്റ്റര്‍ സിറ്റി താരങ്ങളായ ജാമി വാര്‍ഡി, റിയാദ് മഹറസ്, എന്‍ഗോളെ കാന്റെ എന്നിവരാണ് ഇവര്‍ക്ക് തൊട്ടു പിന്നിലുള്ളത്. ഇവര്‍ക്കൊപ്പം സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് താരങ്ങളായ ഗാരത് ബെയ്‌ലി, ടോണി ക്രൂസ്, സെര്‍ജിയോ രാമോസ്, ലൂക്ക മോഡ്രിക് എന്നിവരും ബാഴ്‌സലോണ താരങ്ങളായ ലൂയി സുവാരസ,് നെയ്മര്‍, ഇനിയെസ്റ്റ എന്നിവരും ചുരുക്ക പട്ടികയിലുണ്ട്. നിലവിലെ 23 പേരുടെ പട്ടികയില്‍ നിന്ന് ഡിസംബര്‍ രണ്ടിനു മൂന്നു പേരെ തെരഞ്ഞെടുക്കും ഈ മൂന്നു പേരില്‍ നിന്നാണ് ലോക ഫുട്‌ബോളറെ കണ്ടെത്തുക. 2017 ജനുവരി ഒന്‍പതിനാണ് പുരസ്‌കാര പ്രഖ്യാപനം നടക്കുക.
2008മുതല്‍ മെസിയും റൊണാള്‍ഡോയുമാണ് തുടര്‍ച്ചയായി ലോകഫുട്‌ബോളര്‍ പുസര്കാരം കരസ്ഥമാക്കുന്നത്. മെസി അഞ്ചു തവണ മികച്ച ഫുട്‌ബോളറായപ്പോള്‍ റൊണാള്‍ഡോ മൂന്നു തവണയാണ് ഈ നേട്ടം സ്വന്തം പേരില്‍ കുറിച്ചത്. ചാമ്പ്യന്‍സ് ലീഗിലെയും 2016 യൂറോ കപ്പിലെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തവണ റൊണാള്‍ഡോയ്ക്ക് സാധ്യത കല്പിക്കുന്നവരാണ് ഏറെയും. ബാലന്‍ദ്യോര്‍ പുരസ്‌കാരം നിര്‍ത്തലാക്കിയതിനു ശേഷമുള്ള ആദ്യ ലോക ഫുട്‌ബോളര്‍ തെരഞ്ഞെടുപ്പാണിത്.
