മലപ്പുറം: നോട്ട് നിരോധനം മൂലം പാവപ്പെട്ട പൊതുജനങ്ങളാണ് കുടുങ്ങിയതെന്നും മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. മോദി സര്‍ക്കാറിന്റെ വാഗാദാന ലംഘനത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി നടത്തിയ മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
രാജ്യത്തോട് പറഞ്ഞ വാഗ്ദാനം പാളിയപ്പോള്‍ രാജ്യത്തെ ക്യാഷ്‌ലെസാക്കാന്‍ ശ്രമിച്ച മോദിയുടെ നിലപാട് അപഹാസ്യമാണെന്ന് ആര്യാടന്‍ പറഞ്ഞു. ഇന്ത്യന്‍ ജനതയോട് കാണിക്കുന്ന നീതികേടാണിതെന്നും ആര്യാടന്‍ ആരോപിച്ചു. നോട്ട് നിരോധനത്തിന്റെ ദുരിതം 50 ദിവസങ്ങള്‍ കൊണ്ട് മറികടക്കുമെന്ന് ഉറപ്പ് നല്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനവഞ്ചനക്കെതിരെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് ഉപരോധിച്ചത്. ഇന്ത്യന്‍ ജനങ്ങള്‍ക്ക് അഛാദിന്‍ വാഗ്ദാനം ചെയ്ത മോദി സമ്മാനിച്ചത് ദുരിതത്തിന്റെ നാളുകളാണെന്ന് മുന്‍ മന്ത്രികൂടിയായ എ പി അനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു. ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് അദ്ധ്യക്ഷനായിരുന്നു
ഡി സി സി ഓഫിസില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്ത് പൊലീസ് തടഞ്ഞു. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അറസ്റ്റു വരിച്ചു.
