മുഖ്യമന്ത്രിയുമായുളള പോര് രാജിയിലേക്ക്; പുതുച്ചേരി ലഫ്. ഗവര്‍ണര്‍ പദവി ഒഴിയുമെന്ന് കിരണ്‍ ബേദി

ചെന്നൈ: പുതുച്ചേരി ലഫ്. ഗവര്‍ണര്‍ പദവി ഒഴിയുമെന്ന് കിരണ്‍ ബേദി. ലഫ്. ഗവര്‍ണറായി ചുമതലയേറ്റ് രണ്ടുവര്‍ഷം തികയുന്ന 2018 മേയ് 29ന് സ്ഥാനമൊഴിയുമെന്നാണ് ബേദി പ്രഖ്യാപിച്ചിരിക്കുന്നത്. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയും കിരണ്‍ ബേദിയും തമ്മിലുള്ള പോര് പരസ്യമായതോടെയാണ് പദവി ഒഴിയാന്‍ അവര്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. നേരത്തെ, ജനാധിപത്യ സര്‍ക്കാരിന്റെ അധികാരത്തില്‍ ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദി കൈകടത്തുന്നുവെന്ന ആരോപണവുമായി ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ കേന്ദ്ര ആഭ്യന്തരവകുപ്പിനു കത്തയച്ചിരുന്നു. നവമാധ്യമങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആശയവിനിമയം നടത്തരുതെന്ന മുഖ്യമന്ത്രി വി.നാരായണസാമിയുടെ ഉത്തരവു റദ്ദാക്കി ലഫ്. ഗവര്‍ണര്‍ ബദല്‍ ഉത്തരവിറക്കിയതിനെതിരെയാണു കത്തയച്ചത്. കൂടാതെ, കിരണ്‍ ബേദി അംഗമായ വാട്‌സാപ്പ് ഗ്രൂപ്പില്‍ സഭ്യമല്ലാത്ത വീഡിയോ പോസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സര്‍ക്കാരിന്റെ അറിവില്ലാതെ ബേദി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതും അഭിപ്രായവ്യത്യാസത്തിനു കാരണമായി. അണ്ണാ ഹസാരെയുടെ ലോക്പാല്‍ സമരത്തില്‍ പങ്കെടുത്ത കിരണ്‍ ബേദി പിന്നീട് ബിജെപിയുമായി അടുക്കുകയായിരുന്നു. ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു കിരണ്‍ ബേദി.

Leave a Reply

Your email address will not be published. Required fields are marked *