വിജിലന്‍സ് ഡയറക്ടര്‍ ജനത്തെ കബളിപ്പിക്കുന്നു; സംസ്ഥാനത്തു അരാജകത്വം: സുരേന്ദ്രന്‍

പാലക്കാട്• സിപിഎം നല്‍കിയ ചുവപ്പുകാര്‍ഡുമായി കളിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഇദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നു നീക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സംസ്ഥാനത്തു തികഞ്ഞ അരാജകത്വമാണ്. മുഖ്യമന്ത്രിക്ക് ഒന്നിലും ഒരു നിയന്ത്രണവുമില്ല. ശക്തമായ ഭരണാധികാരിയാകുമെന്നു പ്രചാരണം നടത്തി അധികാരത്തിലേറിയ പിണറായി വിജയന് ഒന്നും ചെയ്യാനാകുന്നില്ല.

ഭരണകൂടത്തെ ഭീഷണിപ്പെടുത്തി അഴിമതി അന്വേഷണം ഇല്ലാതാക്കാനാണ് ഐഎഎസുകാരുടെ ശ്രമം. രാഷ്ട്രീയ നേതാക്കള്‍ പ്രതികളായ കേസുകളില്‍ വിജിലന്‍സ് അന്വേഷണം സ്തംഭിപ്പിച്ചു. ബന്ധുനിയമന വിവാദത്തില്‍ അന്വേഷണം വഴിമുട്ടിച്ചിരിക്കുകയാണ്.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ പ്രതിക്കൂട്ടിലാണ്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങള്‍ കൂടി അന്വേഷിച്ചാല്‍ പിണറായി വിജയനിലേക്കും നീങ്ങും.

നികുതി പിരിക്കാത്തതിനാല്‍ സംസ്ഥാനം ഗുരുതര സാമ്ബത്തിക പ്രതിസന്ധിയിലാണ്. തോമസ് ഐസക്കിനെ ധനമന്ത്രി സ്ഥാനത്തു നിര്‍ത്തി സംസ്ഥാനത്തിനു മുന്നോട്ടുപോകാനില്ല. അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നു മാറ്റണമെന്ന ഗീതാ ഗോപിനാഥിന്റെ ഉപദേശം സ്വീകരിക്കുകയാവും മുഖ്യമന്ത്രിക്കു നല്ലത്. ജിഎസ്ടി പോലും തടസപ്പെടുത്തി സംസ്ഥാനത്തു കേന്ദ്രവിരുദ്ധ വികാരം ശക്തിപ്പെടുത്താനാണു തോമസ് ഐസക്കിന്റെ നീക്കം. പാമ്ബാടി കോളജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ അന്വേഷിക്കണമെന്നും കേസ് ഒതുക്കാന്‍ അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *