പാര്‍ലമെന്റ് ബജറ്റ് ചൊവ്വാഴ്ച്ച തുടക്കമാകും

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച്ച തുടക്കമാകും. ബുധനാഴ്ചയാണ് കേന്ദ്രബജറ്റ് അവതരണം. നോട്ട് നിരോധനത്തിന് ശേഷമുള്ള ബജറ്റില്‍ ഏറെ ജനക്ഷേമ പദ്ധതികള്‍ ഉണ്ടാകുമെന്നാണ് സൂചന.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ചൊവ്വാഴ്ച തുടങ്ങും. ബുധനാഴ്ചയാണ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്!ലി പൊതു ബജറ്റ് അവതരിപ്പിക്കുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല പൊതുബജറ്റ് നിര്‍ണ്ണായകമാകുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വേറിട്ട് മൂന്ന് ആഴ്ച്ച മുന്‍പ് ഉള്ള അവതരണം, റെയിവെ ബജറ്റ് ചേര്‍ത്തുള്ള ഒറ്റ ബജറ്റ് എന്ന ആശയം, തുടങ്ങി ഈ ഫെബ്രുവരി ഒന്നാം തീയതി രാജ്യം കാത്തിരിക്കുന്ന ബജറ്റിന് പ്രത്യേകതകള്‍ ഏറെയാണ്. നോട്ട് അസാധുവാക്കലിന് ശേഷം എന്തൊക്കെ നയപരമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ബാങ്കിംഗ് സംവിധാനം ഉടച്ച് വാര്‍ക്കുന്നതിന് ധനമന്ത്രി ശ്രമിച്ചേക്കും. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഇടിയാതിരിക്കാനുള്ള ശ്രമങ്ങള്‍ ധനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് സൂചന. മധ്യവര്‍ഗ്ഗത്തെയും കര്‍ഷകരെയും സഹായിക്കുന്ന നിര്‍ദ്ദേശങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.

എന്നാല്‍ ജൂണ്‍ ഒന്നിന് രാജ്യത്ത് നിലവില്‍ വന്ന വരുമാനം വെളിപ്പെടുത്തല്‍ സ്‌കീം ബജറ്റ് അവതരണത്തെ ഏറെ സുഗമമാക്കും. ആദായനികുതിഘടനയില്‍ മാറ്റം കൊണ്ടുവരാനും നികുതി പരിധി ഉയര്‍ത്തി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്.

തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബജറ്റ് മാറ്റിവയ്ക്കണമെന്ന് ആവാശ്യപ്പെട്ടിരുന്ന പ്രതിപക്ഷം ഒന്നാം തീയതി പാര്‍ലമെന്റില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *