കൊച്ചി: ദലിത് സമരങ്ങളെ ഇടതുപക്ഷം പിന്തുണക്കുന്നില്ലെന്ന് രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല. രാജ്യത്ത് ദലിതര്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ ആശങ്കപ്പെടുത്തുന്നുവെന്നും രാധിക വെമുല പറഞ്ഞു. എറണാകുളത്ത് നടക്കുന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു രാധിക വെമുല.
ഭൂരിപക്ഷമല്ലാതിരുന്നിട്ടും ഇന്ത്യയില്‍ ആര്‍എസ്എസും സംഘപരിവാറും പിടിമുറുക്കുന്ന സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് രാധിക വെമുല പറഞ്ഞു. ദലിത് സമരങ്ങള്‍ക്ക് പലപ്പോഴും ഇടത് പക്ഷത്തിന്റെ പിന്തുണ ലഭിക്കുന്നില്ലെന്നും രാധിക വെമുല വിമര്‍ശിച്ചു.
ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്ത് അസമത്വം വര്‍ധിച്ച് വരികയാണ്.
ഇത് പ്രതിരോധിക്കാന്‍ ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകാരും ഒന്നിക്കണം. അഭിപ്രായഭിന്നതകള്‍ ഒഴിവാക്കി സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെ എല്ലാ വിഭാഗങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും രാധിക വെമുല അഭിപ്രായപ്പെട്ടു.
