കോഴിക്കോട്• ബിജെപി നേതൃത്വത്തിലേക്കു മടങ്ങാനുള്ള ആഗ്രഹം വ്യക്തമാക്കി പി.പി. മുകുന്ദന്. സംഘടനാകാര്യങ്ങള്‍ ഗൗരവത്തിലെടുക്കാത്ത ന്യൂനപക്ഷമാണു തന്റെ മടങ്ങിവരവിനെ എതിര്‍ക്കുന്നതെന്നു മുകുന്ദന് പറഞ്ഞു. തന്നെ തിരികെ കൊണ്ടുവരുമെന്നു പറഞ്ഞതു കുമ്മനമാണ്. എന്തുകൊണ്ടു തിരികെ കൊണ്ടുവന്നില്ലെന്നു കുമ്മനത്തോടു ചോദിക്കണം. ഭാരവാഹിത്വത്തിലേക്കു മടങ്ങി വരുമെന്നു പ്രതീക്ഷയുണ്ട്. ഓരോ കാര്യത്തിലും നമുക്ക് ഓരോ പ്രതീക്ഷയുണ്ട്. പ്രതീക്ഷ പോലെ നടക്കണമെന്നില്ല.
പ്രായം പറഞ്ഞിട്ടാണ് ചില സ്ഥനങ്ങളില്നിന്നു മാറ്റിനിര്‍ത്തപ്പെട്ടത്. അച്ഛനു പ്രായമായി എന്നു കരുതി അച്ഛന് അച്ഛനല്ലാതാവില്ലല്ലോ. ഓരോരുത്തരുടെയും തലയില്‍ വരച്ചിട്ടുള്ളതു പോലെ സംഭവിക്കും.
ഒരു ആശയത്തിനു വേണ്ടിയാണു താന്‍ വീടു വിട്ടത്, സ്ഥാനത്തിനു വേണ്ടിയല്ല. കേന്ദ്ര നേതൃത്വത്തില്‍ പരിഗണിക്കുന്നതിന് അവര്‍ ചര്‍ച്ച നടത്തി തീരുമാനിക്കട്ടെയെന്നും മുകുന്ദന് പറഞ്ഞു.
ആര്‍എസ്എസിനോടുള്ള അടുപ്പവും ആര്‍എസ്എസ് വേദികളില്‍ സജീവമാകുമെന്ന സൂചനയും മുകുന്ദന് നല്കി. ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മുകുന്ദന് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
