ഡോക്ടര്‍ ചമഞ്ഞ് മോഷണം പതിവാക്കിയ വ്യാജ ഡോക്ടര്‍ പിടിയില്‍

തിരുവനന്തപുരം: നാല് വര്‍ഷത്തോളമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോഷണം പതിവാക്കിയ വ്യാജ ഡോക്ടര്‍ പിടിയില്‍. കല്ലറ സ്വദേശിനി 24കാരി ആര്യയാണ് ഏറെ നാളത്തെ കബളിപ്പിക്കലിനു ശേഷം ഒടുവില്‍ കുരുക്കിലായിരിക്കുന്നത്. അത്യാഹിത വിഭാഗത്തിലെ പിജി ഡോക്ടര്‍മാരുടെ വിശ്രമമുറിയില്‍ വെച്ചാണ് യുവതിയെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് വര്‍ഷമായി കാഷ്വാലിറ്റിയിലും വാര്‍ഡുകളിലും പിജി വിദ്യാര്‍ത്ഥിനിയാണെന്ന വ്യാജേന കറങ്ങി നടന്ന് മോഷണം നടത്തുകയായിരുന്നു ഇവര്‍.

നഴ്‌സിംങ് ബിരുദധാരിയായ ആര്യ ഡോക്ടറുടെ വേഷമണിഞ്ഞ് അനസ്‌തേഷ്യ വിഭാഗം പിജി വിദ്യാര്‍ത്ഥിനിയാണെന്ന വ്യാജേനെയാണ് ആശുപത്രിയില്‍ കറങ്ങി നടന്നിരുന്നത്.രണ്ട് ദിവസം ഇവരെ അറസ്റ്റ് ചെയ്ത അതേ മുറിയില്‍ വെച്ച് ഒരു പിജി ഡോക്ടറുടെ ബാഗില്‍ നിന്നും 2000 രൂപ നഷ്ടപ്പെട്ടിരുന്നു. ആ സമയം സംശയാസ്പദമായ സാഹചര്യത്തില്‍ ആര്യയെ പലരും കണ്ടിരുന്നു. കാര്യമന്വേഷിച്ചപ്പോള്‍ പിജി ഡോക്ടറാണെന്ന് പറഞ്ഞ് അവര്‍ ഇറങ്ങിപ്പോവുകായിരുന്നു.
പിന്നീട് അതിനടുത്ത ദിവസവും ഈ മുറിയില്‍ നിന്നും ആര്യയെ കണ്ടപ്പോള്‍ നഴ്‌സ്‌ചോദ്യം ചെയ്തതോടെയാണ് കള്ളിവെളിച്ചത്തായത്. അനസ്‌തേഷ്യക്കാര്‍ക്ക് കാഷ്വാലിറ്റിയില്‍ എന്തുകാര്യം എന്ന് ചോദിച്ച നഴ്‌സിനോട് ഇവര്‍ തട്ടിക്കയറുകയായിരുന്നു. ഇതേതുടര്‍ന്ന് പിജി ഡോക്ടര്‍മാര്‍ സുരക്ഷാ വിഭാഗത്തെ കാര്യം അറിയിച്ചു.
പോലീസെത്തി കാര്യം അന്വേഷിച്ചപ്പോള്‍ പിജി ഡോക്ടറാണെന്ന് തന്നെയാണ് യുവതി ഉറപ്പിച്ചു പറഞ്ഞത്. എന്നാല്‍ ഐഡന്റിറ്റി കാര്‍ഡ് കാണിക്കാന്‍ പറഞ്ഞപ്പോള്‍ അതിന് അവര്‍ തയ്യാറായതുമില്ല. തുടര്‍ന്ന് സ്‌റ്റേഷനില്‍ കൊണ്ടുപോയി കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് യുവതി വ്യാജഡോക്ടറാണെന്ന കാര്യം സമ്മതിച്ചത്. യുവതിയുടെ പക്കല്‍ നിന്നും വ്യാജ ഐഡി കാര്‍ഡും പത്ത് കേസ് ഷീറ്റുകളും സ്‌റ്റെതസ്‌കോപ്പും രണ്ട് മൊബൈല്‍ ഫോണ്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പതിനായിരം രൂപ വിലയുള്ള വിദേശ നിര്‍മിത സ്‌റ്റെതസകോപ്പ് മോഷ്ടിച്ചതാണെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ നിന്ന് പണം മോഷ്ടിച്ചതായും സംശയമുണ്ട്. ആര്യക്കെതിരെ മോഷണം, വഞ്ചനാകുറ്റം തുടങ്ങിയവക്ക് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *