മലപ്പുറം: സ്വന്തം ജനങ്ങളെ ഒരേ കണ്ണില്‍ കാണാന്‍കഴിയാത്ത ഭരണകൂടമാണ് രാജ്യംഭരിക്കുന്നതെന്ന് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെള്ളുവമ്പ്രത്ത് മലപ്പുറം മണ്ഡലം യു.ഡി.എഫ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നിപ്പിച്ച് നൂറ്റാണ്ടുകളോളം നമ്മളെ കീഴടക്കിയ ബ്രിട്ടീഷുകാരെക്കാള്‍ അധമന്മാരിലാണ് രാജ്യം ഇന്നകപ്പെട്ടിരിക്കുന്നത്. സ്വന്തം രാജ്യത്തിന്റെ പൗരന്മാരെ ഒന്നായി കാണാന്‍ ഇവര്‍ക്കാവുന്നില്ല. അധികാരം നിലനിര്‍ത്തുന്നതിന് ഇന്ത്യയുടെ ആത്മാവിനെ കുരിതകൊടുക്കുകയാണ് ബി.ജെ.പി. ബഹുസ്വര സമൂഹത്തില്‍ വിദ്വോഷത്തിന്റെ മുറിവേല്‍പിച്ച് അധികാരം പിടിച്ചെടുക്കുന്നു.
യു.പിയിലടക്കം ഉത്തരേന്ത്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷപിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കാന്‍ പോലും ബി.ജെ.പി തയ്യാറായിട്ടില്ല. ഇന്ത്യയുടെ അഖണ്ഠതക്ക് കോട്ടം വരുത്തുന്ന ഇത്തരം പ്രവണതകളെ കരുതിയിരിക്കണം. ഇതിനെതിരെ മതേതര ശക്തികള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണിന്നുള്ളത്. ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുമ്പോള്‍ ഇതിനായിരിക്കും കൂടുതല്‍ പരിഗണന നല്‍കുകയെന്നും മുന്‍ഗാമികള്‍ തന്നെയാണ് തനിക്ക് മാതൃകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്‌ഫോടനാത്മകമായ കാലഘട്ടത്തിലൂടെ രാജ്യം കടുന്നുപോകുമ്പോള്‍ നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യുടെ മുഖം വികൃതമാകാതെ കാത്തുസൂക്ഷിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോഗ്രസ്സിനും ഒപ്പം നില്‍ക്കുന്ന ജനാധിപത്യം ചേരിക്കും മാത്രമേ സാധിക്കൂ. ഇക്കാര്യം ഇടതുപക്ഷമുള്‍പ്പടെയുള്ളവര്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കേരളത്തില്‍ ഇടതു ഭരണം തുടക്കം മുതല്‍ ജനദ്രോഹപരമായി മാറിയിരിക്കുന്നു. അര്‍ദ്ധരാത്രിയില്‍ സ്വന്തം താമസസ്ഥലത്ത് കിടന്നുറങ്ങുന്നവന് പോലും സരുക്ഷിതത്വം നല്‍കാന്‍ കേരളപൊലീസിനാകുന്നില്ല. ജനജീവിതം സര്‍വമേഖലയിലും ദുസ്സഹമായിരിക്കുന്ന ഘട്ടത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയുള്ള വിധിയെഴുത്താകും ഫലമെന്നതില്‍ തര്‍ക്കമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കണ്‍വന്‍ഷന്‍ മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വര്‍ഭീഗ ഫാസിസ്റ്റ് ഭരണകൂടത്തിനുള്ള മതേതര ചേരിയുടെ മറുപടിയാകും പി.കെ കുഞ്ഞാലിക്കുട്ടിയുടെ ചരിത്ര വജയമെന്ന് അദ്ദേഹം പറഞ്ഞു. കുതന്ത്രങ്ങളിലൂടെ അധികാരം കയ്യിലാക്കുന്നവരുടെ വിജയം ശാശ്വതമല്ലെന്നും അന്തിമവിജയം ജനാപത്യ മതേതര ചേരിക്കായിരിക്കുമെന്നുള്ള സന്ദേശമാണ് ഈ തെരഞ്ഞെടുപ്പിലൂടെ രാജ്യത്തെ വര്‍ഗീയ സ്വേഛാധിപത്യ ഭരണകൂടത്തിന് നാം നല്‍കേണ്ടതെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു. മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു.
മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, അബ്ദുസമദ് സമദാനി, കെ.എന്‍.എ ഖാദര്‍, എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, പി.ഉബൈദുല്ല, ടി.വി ഇബ്രാഹിം, ശബരീനാഥ് എന്നിവരും വി.കുഞ്ഞാണി, ഇ.മുഹമ്മദ് കുഞ്ഞി, പി.ടി അജയമോഹന്‍, കെ.മുഹമ്മദുണ്ണി ഹാജി, വി.എ കരീം, പി.വി മുഹമ്മദ് അരീക്കോട്, സലീം കുരുവമ്പലം,എം.കെ ബാവ, ഹനീഫ പുതുപറമ്പ്, വി മുസ്തഫ, നൗഷാദ് മണ്ണിശ്ശേരി, പി.പി ഹംസ മോങ്ങം, സക്കീര്‍ പുല്ലാര, സി.എച്ച് ഹസ്സന്‍ ഹാജി, ബി. ബീരാന്‍കുട്ടിഹാജി, ഹംസ മോങ്ങം, ടി.സൈതാലി മൗലവി, ഇ. അബൂബക്കര്‍ ഹാജി, എ.എം കുഞ്ഞാന്‍, പി.എ സലാം, ബി മുഹമ്മദ് കുട്ടി മാസ്റ്റര്‍, പി.അബ്ദുല്‍ ഗഫൂര്‍, അരിമ്പ്ര അബൂബക്കര്‍, എം.കെ മുഹ്്‌സിന്‍, എം.സത്യന്‍, പെരുമ്പള്ളി സെയ്ത്, സക്കീന പുല്‍പ്പാടന്‍, സി.എച്ച് ജമീല, കെ.എം ഗിരിജ പ്രസംഗിച്ചു.
