കുവൈറ്റ് സിറ്റി: എത്യോപ്യക്കാരിയായ വീട്ടുജോലിക്കാരിയുടെ ആത്മഹത്യ ശ്രമം ചിത്രീകരിച്ച സ്ത്രീ അറസ്റ്റില്‍. ഏഴാം നിലയില്‍ നിന്നു ചാടിയുള്ള വീട്ടുജോലിക്കാരിയുടെ ആത്മഹത്യശ്രം നേരില്‍ കണ്ടിട്ടും രക്ഷിക്കാനോ തടയാനോ ശ്രമിക്കാതെ അത് വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടതിനാണ് സ്ത്രീക്കെതിരേ കുവൈറ്റ് പോലീസ് കേസെടുത്തത്.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതി ജനല്‍ കമ്ബിയില്‍ തൂങ്ങി കിടക്കുന്നതും സഹായത്തിനായി അപേക്ഷിക്കുന്നതും വ്യക്തമാണ്. കമ്ബിയില്‍ തൂങ്ങി കിടന്ന യുവതി കുറേനേരം സഹായത്തിന് അഭ്യര്‍ഥിച്ചെങ്കിലും സ്ത്രീ സഹായിക്കാന്‍ തയാറായില്ല. ഒടുവില്‍ കൈവിട്ട് താഴെ വീണ യുവതിയെ പാര്‍പ്പിട സമുച്ചയത്തിലെ മറ്റു താമസക്കാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സാരമായ പരിക്കുകളുണ്ടെങ്കിലും യുവതി അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്തിനാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് അറിവായിട്ടില്ല. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
