തിരുവനന്തപുരം: പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി.ജലീല്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. രഹസ്യമായാണ് പരാതി നല്‍കിയത്. ഏറ്റവും കൂടുതല്‍ സാമ്ബത്തിക ഇടപാടുകള്‍ നടക്കുന്ന മാര്‍ച്ച് മാസത്തില്‍ പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ കത്തില്‍ ആവശ്യപ്പെടുന്നത്.
ഈ പരാതിയും വിജിലന്‍സ് ഡയറക്ടറുടെ പുറത്താകലിന് വഴിയൊരുക്കി എന്നാണ് സൂചന. അഴിമതിയുടെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് മുന്നില്‍ എന്ന റിപ്പോര്‍ട്ട് ഈയിടെയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി തന്നെ പഞ്ചായത്തുകളിലെ വിജിലന്‍സ് പരിശോധന ഒഴിവാക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിക്ക് അറുതി വരുത്തുമെന്ന് മന്ത്രിയുടെ പ്രഖ്യാപനത്തിലെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്ന നടപടിയാണിത്.
വിജിലന്‍സിന് രേഖകള്‍ നല്‍കാനും നിര്‍ദേശങ്ങള്‍ പാലിക്കാനും പഞ്ചായത്ത് ജീവനക്കാര്‍ നിര്‍ബന്ധിതരാവുമ്‌ബോള്‍ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാനാവില്ലെന്ന് മുഖ്യമന്ത്രിക്ക് കെ.ടി.ജലീല്‍ നല്‍കിയ കത്തില്‍ പറയുന്നു. അതിനാല്‍ പരാതികളില്ലാത്ത പഞ്ചായത്തുകളില്‍ മാര്‍ച്ച് 31 വരെ വിജിലന്‍സ് അന്വേഷണം ഒഴിവാക്കണമെന്നും കത്തില്‍ അദ്ദേഹം ആവശ്യപ്പെടുന്നു. പരാതി കിട്ടിയ മുഖ്യമന്ത്രി ഇത് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി.
തദ്ദേശ സ്ഥാപനങ്ങളിലെ അപേക്ഷാ ഫോമുകള്‍ ലളിതമാക്കുക, കരാറുകാര്‍ക്കും ഇടപാടുകാര്‍ക്കും ഇപേയ്‌മെന്റ് ഏര്‍പ്പെടുത്തുക, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍ക്ക് പ്രവര്‍ത്തന മാര്‍ഗരേഖ നിശ്ചയിക്കുക തുടങ്ങി അഴിമതി കുറയ്ക്കാനായി ഒട്ടേറെ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിരിക്കെയാണ് വകുപ്പ് മന്ത്രിയുടെ ഈ നീക്കം.
