ലാസ്റ്റ്‌ഗ്രേഡ്, എച്ച്.എസ്.എസ്.ടി. തസ്തികകളില്‍ വിജ്ഞാപനം ഉടന്‍

തിരുവനന്തപുരം: കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡുകളില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍, വിവിധ വിഷയങ്ങളില്‍ ഹയര്‍സെക്കന്‍ഡറി ടീച്ചര്‍ ഉള്‍പ്പെടെ 89 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി. യോഗം തീരുമാനിച്ചു.

കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് തസ്തികയ്ക്ക് നിലവില്‍ റാങ്ക്പട്ടികയുണ്ട്. ജൂണ്‍ 30ന് കാലാവധി അവസാനിക്കും. 2009 നവംബറിലാണ് ഈ തസ്തികയ്ക്ക് ഒടുവില്‍ അപേക്ഷ ക്ഷണിച്ചത്. പ്രധാന വിഷയങ്ങളുടെ ഹയര്‍സെക്കന്‍ഡറി ടീച്ചര്‍ റാങ്ക്പട്ടികകള്‍ കഴിഞ്ഞ ഡിസംബര്‍ 31ന് റദ്ദായിരുന്നു.

ട്രെയിനിങ് കോളേജുകളില്‍ ലക്ചറര്‍ ഇന്‍ നാച്വറല്‍ സയന്‍സ്, വ്യവസായ പരിശീലനവകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്എസ്.സി./എസ്.ടി.) എന്നീ തസ്തികകള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. ലൈവ് സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡില്‍ ലബോറട്ടറി അസിസ്റ്റന്റ്, കെ.എസ്.ആര്‍.ടി.സി.യില്‍ റിസര്‍വ് ഡ്രൈവര്‍ (എന്‍.സി.എഎസ്.ടി) എന്നിവയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

പി.എസ്.സി. ഗസ്റ്റ് ഹൗസിന്റെ ദിവസവാടക 150 ആക്കി കുറയ്ക്കാന്‍ യോഗം തീരുമാനിച്ചു. 75 രൂപയില്‍നിന്ന് 250 ആക്കി വാടക വര്‍ധിപ്പിക്കാന്‍ കമ്മിഷന്റെ കഴിഞ്ഞ യോഗത്തിലാണ് തീരുമാനിച്ചത്. ഇതിനെതിരേ മുന്‍ അംഗങ്ങള്‍ ചെയര്‍മാന് നല്‍കിയ പരാതി പരിഗണിച്ചാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *