രാജ്യത്തിന്റെ ഐക്യത്തിന് സഹിഷ്ണുത അനിവാര്യം – പി ഉബൈദുള്ള എം.എല്‍.എ

മലപ്പുറം: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കുന്നതിന് യുവാക്കള്‍ക്ക് സഹിഷ്ണുത അനിവാര്യമാണെന്ന് പി. ഉബൈദുള്ള എം.എല്‍.എ പറഞ്ഞു.  ദേശീയ യുവജന വാരാഘോഷത്തോടനുബന്ധിച്ച്   ഐ.ടി അറ്റ് സ്‌കൂള്‍ ഹാളില്‍ നടത്തിയ സെമിനാറും ക്വിസ് മത്സരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.  നെഹ്‌റു യുവകേന്ദ്ര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, വിദ്യാഭ്യാസ വകുപ്പ്, ഗാന്ധി ദര്‍ശന്‍ സമിതി എന്നിവര്‍ സംയുക്തമായാണ് പരിപാടി നടത്തിയത്.
സ്വന്തം വിശ്വാസങ്ങള്‍ പാലിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ  വിശ്വാസങ്ങളെ അംഗീകരിക്കുന്നതിനുള്ള മനസ്സുമുണ്ടാവണം .  രാജ്യത്ത് സ്പര്‍ധയും അനൈക്യവും വളര്‍ത്തുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞ് അതിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ യുവാക്കള്‍ സജ്ജമാകണമെന്നും എം.എല്‍.എ പറഞ്ഞു.  നെഹ്‌റു യുവകേന്ദ്ര കോഡിനേറ്റര്‍ കെ. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ, മലപ്പുറം വിദ്യാഭ്യാസ ഓഫീസര്‍ ആര്‍. മാധവിക്കുട്ടി , ഗന്ധിദര്‍ശന്‍ സമിതി ജനറല്‍ കണ്‍വീനര്‍ പി.കെ. നാരായണന്‍ , ഗാന്ധി ലൈബ്രറി പ്രസിഡന്റ് പി.എ. മജീദ്, ജോയിന്റ് കണ്‍വീനര്‍ കെ. ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന മതസൗഹാര്‍ദ സെമിനാറില്‍ ഖുറാനും മതവും വിഷയത്തില്‍ അലി അസ്ഗര്‍ ബാഖവിയും ബൈബിളും മതവും വിഷയത്തില്‍ ഫാദര്‍ സെബാസ്റ്റന്‍ കാരക്കാടും ഗീതയും മതവും വിഷയത്തില്‍ ജി.കെ. രാംമോഹനും സംസാരിച്ചു.  തുടര്‍ന്ന് നടന്ന ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഡി.യു.എച്ച്.എസ്.എസ് തൂത സ്‌കൂളിനുള്ള റോളിങ് ട്രോഫി ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *