പനി പ്രതിരോധം: സംസ്ഥാനത്ത് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

തിരുവനന്തപുരം : പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ശുചീകരണപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രി ശുചീകരണത്തിന് നേതൃത്വം നല്‍കി.

സര്‍വകക്ഷിയോഗ തീരുമാനപ്രകാരമാണ് സംസ്ഥാനത്ത് ഇന്നലെയും ഇന്നും നാളെയുമായി ശുചീകരണം നടത്തുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളാണ് ശുചീകരണത്തിന് നേതൃത്വം നല്‍കുന്നത്. പകര്‍ച്ചപ്പനി തടയാന്‍ ശുചീകരണവും ദുരിതാശ്വാസവുമടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരുമായി സഹകരിച്ച് സജീവമായി രംഗത്തിറങ്ങാന്‍ എല്ലാവിഭാഗം ജനങ്ങളോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വിവിധ സംഘടനാനേതാക്കള്‍, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം വിവിധ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അണിചേര്‍ന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും മാലിന്യ നീക്കത്തില്‍ പങ്കാളികളായി.

കുടുംബശ്രീ, ആശാ അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വായനശാല പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, എന്‍.സി.സി, എന്‍.എസ്.എസ് സ്റ്റുഡന്റ് പൊലീസ് വോളണ്ടിയര്‍മാര്‍ തുടങ്ങിയവരെല്ലാം സജീവമായി ബോധവല്‍ക്കരണം നടത്തുന്നുണ്ട്. സര്‍ക്കാരിന്റെ പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകക്ഷി യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *