മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായി കെ.ടി റബീഉള്ളയുടെ തട്ടിക്കൊണ്ടു പോകാനാണ് അക്രമികള്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയതെന്ന് പോലീസ് കണ്ടെത്തി.
റബീഉള്ളയുടെ മലപ്പുറം കോഡൂരിലെ വസതിയിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസില്‍ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അസ്ലം ഗുരുക്കളടക്കം ഏഴുപേരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.പ്രതികളെ മലപ്പുറം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി റിമാന്റ് ചെയ്തു.
ഇവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
തിങ്കളാഴ്ച രാവിലെ ആറുമണിയോടെ മൂന്നു കാറുകളിലായെത്തിയ പ്രതികള്‍ ഡോ.റബീഉള്ളയുടെ വീടിന്റെ മതില് ചാടിക്കടന്ന് അക്രമത്തിന് ശ്രമിക്കുകയായിരുന്നു. കോഡൂരിലെ ജനങ്ങള്‍ സംഘടിച്ചെത്തി അക്രമികളെ പിടികൂടി പോലീസില്‍ എല്പ്പിക്കുകയായിരുന്നു. ഡോ.റബീഉള്ളയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് സംശയമുണ്ട്.
മംഗളുരു സ്വദേശിയായ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അസ്ലം ഗുരുക്കളുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. കാസര്‍കോഡ് സ്വദേശികളായ റിയാസ്, അര്‍ഷാദ്, ഉസ്മാന്,മംഗളുരു സ്വദേശികളായ രമേഷ്, സുനില്‍കുമാര്‍, കേശവമൂര്‍ത്തി എന്നിവരാണ് അസ്്ലം ഗുരുക്കള്‍ക്കൊപ്പം സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ കേശവമൂര്‍ത്തി കര്‍ണാടക പോലീസ് കോണ്‍സ്റ്റബിളും അസ്്ലം ഗുരുക്കളുടെ ഗണ്‍മാനുമാണ്.
കോഡൂരിലെ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ തോക്കുചൂണ്ടുകയും,
ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. നാട്ടുകാര്‍ സംഘടിച്ചതോടെ അക്രമികളില്‍ ചിലര്‍ രണ്ട് വാഹനങ്ങളിലായി രക്ഷപ്പെട്ടു. ഒരുവാഹനം നാട്ടുകാര്‍ തടഞ്ഞുവച്ച് ചില്ലുകള്‍ തല്ലിതകര്‍ത്തു. ഈ വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരെ പോലീസ് സംഭവസ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസ്്ലം ഗുരുക്കളേയും കൂടെയുണ്ടായിരുന്ന മൂന്നു പേരെയും കോഴിക്കോട് നിന്നാണ് പോലീസ്
പിടികൂടിയത്, രണ്ട് തോക്കുകളും സംഘത്തില്‍ നിന്ന്
പിടിച്ചെടുത്തിട്ടുണ്ട്. ബിസിനസ് കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നും,
തട്ടികൊണ്ടുപോയി സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് നടന്നതെന്നും
പോലീസ് പറയുന്നു.
