കുട്ടികള്‍ വായിക്കേണ്ടത് ഭയപ്പെടുത്തുന്ന രാക്ഷസന്മാരുടെ കഥകളല്ല

കുട്ടികള്‍ വായിക്കുന്ന പുസ്തകങ്ങളില്‍ ഭയപ്പെടുത്തുന്ന രാക്ഷസകഥകള്‍ക്കു പകരം നമ്മുടെ ജീവിതങ്ങളെക്കുറിച്ചും ജീവിതപ്രശ്‌നങ്ങളെക്കുറിച്ചുമാണ് എഴുതേണ്ടതെന്ന് എം. മുകുന്ദന്‍. ഭീമ ഗ്രൂപ് സ്ഥാപകനായ ഭീമ ഭട്ടരുടെ ഓര്‍മക്കായി ഏര്‍പ്പെടുത്തിയ 28ാമത് ഭീമ ബാലസാഹിത്യ പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. കെ. ജയകുമാറാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. കൈരളി ടി.വി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ. രാജേന്ദ്രന്‍ (ആര്‍.സി.സിയിലെ അത്ഭുതക്കുട്ടികള്‍), തൃശൂര്‍ നടവരമ്പ് ഗവ. മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ഥി എം.എം. കാളിദാസ് (ഒരു ഓര്‍മപ്പെടുത്തല്‍) എന്നിവരാണ് അവാര്‍ഡിനര്‍ഹരായത്. ഇതിന് ശേഷം സ്‌നേഹാദരങ്ങളുമായി എഴുത്തുകാരും പുരസ്‌കാര ജേതാക്കളും എം.ടിയുടെ വീട്ടിലെത്തി.

എം.ടി. വാസുദേവന്‍ നായരുടെ കൊട്ടാരം റോഡിലെ ‘സിതാര’യിലെത്തിയാണ് എം. മുകുന്ദന്‍, കെ. ജയകുമാര്‍, ഡോ. എന്‍. രാധാകൃഷ്ണന്‍, ബി. ഗിരിരാജന്‍, അവാര്‍ഡ് ജേതാവായ കെ. രാജേന്ദ്രന്‍ തുടങ്ങിയവര്‍ സ്‌നേഹാദരമര്‍പ്പിച്ചത്. ഇക്കാലത്ത് കുട്ടികള്‍ക്ക് വായിക്കാന്‍ താല്‍പര്യം ഏറെയുണ്ടെങ്കിലും നല്ല ബാലസാഹിത്യ കൃതികള്‍ ഉണ്ടാവുന്നില്ലെന്ന് എം.ടി പറഞ്ഞു. എം. മുകുന്ദന്‍ എം.ടിയെ പൊന്നാടയണിയിക്കുകയും ഡോ. കെ. ജയകുമാര്‍ ഫലകം സമ്മാനിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *