മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഇപേയ്‌മെന്റ്

തിരുവനന്തപുരം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലുടമാ വിഹിതം ബാങ്കിലൂടെ നേരിട്ട് അടയ്ക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചു. ഇതനുസരിച്ച് ഫെഡറല്‍ ബാങ്കിന്റെയോ ധനലക്ഷ്മി ബാങ്കിന്റേയോ ഏതെങ്കിലും ശാഖകളില്‍ തൊഴിലുടമാ വിഹിതം അടച്ചാല്‍ തല്‍സമയം തന്നെ അടവ് വിവരം ആര്‍. റ്റി ഒ ആഫീസുകളില്‍ ലഭിക്കുന്ന രീതിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ ബാങ്ക് ശാഖയില്‍ നിന്ന് വാഹന നമ്പര്‍, തൊഴിലുടമയുടെ പേര്, വാഹന കോഡ് നമ്പര്‍, തുക ഒടുക്കു വരുത്തുന്ന കാലയളവ്, അടവു വരുത്തിയ തുക എന്നീ വിവരങ്ങള്‍ അടങ്ങിയ കംപ്യൂട്ടര്‍ രസീത് വാഹനമുടമയ്ക്ക് ലഭിക്കും. പുതിയ സംവിധാനത്തിലൂടെ തൊഴിലുടമകള്‍ക്ക് ഡി. ഡി കമ്മീഷന്‍ ഒഴിവാക്കാനും, ക്ഷേമനിധി ആഫീസില്‍ നേരിട്ടെത്തുന്നതിനുള്ള സമയനഷ്ടവും ഒഴിവാക്കി ടാക്‌സ് ഒടുക്കു വരുത്തുവാന്‍ കഴിയും. ആദ്യമായി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ ഡി. ഡി എടുത്ത് ക്ഷേമനിധി ആഫീസില്‍ സമര്‍പ്പിച്ച് വാഹനത്തിന്റെ കോഡ് നമ്പര്‍ സ്വീകരിക്കേണ്ടതും തുടര്‍ന്നുള്ള അടവുകള്‍ക്ക് ഇപേയ്‌മെന്റ് സംവിധാനം ഉപയോഗിക്കാവുന്നതുമാണ്. വിശദാംശങ്ങള്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ആഫീസുകളെ സമീപിക്കാവുന്നതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *