ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.മോദിയുടെ ജന്മദിനമായ സെപ്തംബര്‍ 17ന് ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ പ്രവര്‍ത്തി ദിനമായിരിക്കും. സെപ്തംബര്‍ 17ന് ഞായറാഴ്ച പൊതു അവധി ദിനമായിരിക്കെയാണ് ജന്മദിനം ചൂണ്ടിക്കാട്ടി സ്‌കൂളുകള്‍ പ്രവര്‍ത്തി ദിനമായി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് ഉത്തരവ് വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി.
ഈ ദിവസം കുട്ടികള്‍ക്ക് നിര്‍ബന്ധമായും ഹാജര്‍ ആവശ്യമാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ സംസ്ഥാനത്തെ ഒന്നര ലക്ഷം പ്രൈമറി സ്‌കൂളുകളാണ് മോദിയുടെ ജന്മദിനം ആഘോഷിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. കൂടാതെ അതാത് മണ്ഡലത്തിലെ എംഎല്‍എമാര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി ശുചികരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം.
പ്രധാനമന്ത്രിയുടെ സന്ദേശമായ ‘സ്വഛ് ഭാരത്’ പ്രകാരം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ പരിസര പ്രദേശങ്ങളില്‍ നടത്താനാണ് പദ്ധതി. പദ്ധതിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മധുര പലഹാരങ്ങളും നല്‍കും. മോദി കുട്ടികള്‍ക്ക് മാതൃകാപരമായ വ്യക്തമായാണെന്നാണ് ബിജെപി സംസ്ഥാന വക്താവ് പ്രതികരിച്ചത്. പിറന്നാള്‍ ദിവസം സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു.
